‘മമ്മൂക്ക ആ കഥാപാത്രത്തെ അനശ്വരമാക്കി’, വിമര്‍ശിച്ച രാം ഗോപാല്‍ വര്‍മ്മ വരെ പ്രശംസിച്ചു; പ്രശംസയ്ക്ക് നന്ദി, ഇത് മമ്മൂട്ടിയുടെ മധുരപ്രതികാരമെന്ന് ആരാധകര്‍

എന്നാല്‍ ഇപ്പോള്‍ വിമര്‍ശിച്ച വ്യക്തി തന്നെ മമ്മൂട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്

മലയാളത്തിന്റെ താര രാജക്കന്‍മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമെതിരെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത ആളാണ് സംവിധായകനായ രാം ഗോപാല്‍ വര്‍മ്മ. സണ്ണി ലിയോണ്‍ കേരളത്തില്‍ വന്ന സമയത്ത് ഈ ആള്‍ക്കൂട്ടത്തെ കണ്ട് മമ്മൂട്ടിയും മോഹന്‍ലാലും അസൂയപ്പെട്ട് കരഞ്ഞിട്ടുണ്ടാകും എന്നായിരുന്നു പരിഹാസ രൂപേണ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ വിമര്‍ശിച്ച വ്യക്തി തന്നെ മമ്മൂട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്രയെയും അതിലെ അഭിനയത്തേയുമാണ് രാം ഗോപാല്‍ വര്‍മ്മ പ്രശംസിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. വൈഎസ്ആറിനെ അനശ്വരനാക്കിയ മമ്മൂട്ടിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തത്. ലക്ഷ്മി എന്‍ടിആര്‍ എന്ന പേരില്‍ ആന്ധ്രയുടെ മറ്റൊരു ഇതിഹാസ നായകന്‍ എന്‍ടിആറിനെ പറ്റിയുളള രാം ഗോപാല്‍ വര്‍മ്മയുടെ ചിത്രം ഉടന്‍ റിലീസ് ആകാനിരിക്കവെയാണ് ഇത്തരത്തിലൊരു അഭിനന്ദനം.

അതേസമയം രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റിന് താഴെ മമ്മൂട്ടി ആരാധകരും കമന്റുകളുമായി എത്തി. മണിരത്‌നത്തിന്റെ ഓക്കെ കണ്‍മണി കണ്ടിട്ട് മമ്മൂട്ടിയെ ദുല്‍ഖറുമായി താരതമ്യം ചെയ്ത് തരംതാഴ്ത്തിയ താങ്കളുടെ പഴയ ട്വീറ്റ് തങ്ങള്‍ മറന്നിട്ടില്ലെന്നും എന്നാല്‍ ഈ പ്രശംസയ്ക്ക് നന്ദിയുണ്ടെന്നും ആരാധകര്‍ പറഞ്ഞു. രാം ഗോപാല്‍ വര്‍മയ്ക്കെതിരെയുള്ള മമ്മൂട്ടിയുടെ മധുരപ്രതികാരമാണ് ഇതെന്നാണ് മമ്മൂട്ടി ആരാധകര്‍ അഭിപ്രായപ്പെട്ടത്.

അന്തരിച്ച മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി 2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ നടത്തിയ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മഹി രാഘവ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

Exit mobile version