‘ചിത്രത്തിന് ലഭിക്കുന്നതു പോലെ തന്നെ സജി എന്ന കഥാപാത്രത്തിനും നല്ല അഭിപ്രായമാണ്, അഭിനയ ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ അധ്വാനം നല്‍കിയ കഥാപാത്രമാണിത്’; കുമ്പളങ്ങി നൈറ്റ്സിനെ കുറിച്ച് സൗബിന്‍ ഷാഹിര്‍

എനിക്ക് ഏറ്റവും കൂടുതല്‍ കോളുകല്‍ വരുന്നതും, ഞാന്‍ ഏറ്റവും കൂടുതല്‍ അധ്വാനിച്ചതും ഇതിലെ സജി എന്ന കഥാപാത്രത്തിനാണ്

മലയാളത്തിലെ യുവതാരങ്ങള്‍ മത്സരിച്ച് അഭിനയിച്ച കുമ്പളങ്ങി നൈറ്റ്സ് മികച്ച പ്രേക്ഷക പ്രതികരണം നേടി നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. പൃഥിരാജ് ചിത്രം ‘9’ നെ പിന്തള്ളിയാണ് കുമ്പളങ്ങി നൈറ്റ്സിന്റെ പ്രയാണം. ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തില്‍ വില്ലന്‍ റോളിലാണ് ഫഹദ് ഫാസില്‍ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ മധു സി നാരായണന്‍ ആണ്. നാല് സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മൂത്ത സഹോദരന്റെ വേഷത്തിലെത്തിയത് സൗബിന്‍ ഷാഹിറാണ്. ചിത്രത്തിലെ സജി എന്ന കഥാപാത്രമാണ് തന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അധ്വാനം നല്‍കിയ റോളെന്നാണ് സൗബിന്‍ ഷാഹിര്‍ പറയുന്നത്.

‘സിനിമയ്ക്ക് ലഭിക്കുന്നതു പോലെ തന്നെ സജി എന്ന കഥാപാത്രത്തിനും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ഇതുവരെ ചെയ്യാത്ത ഒരു പാറ്റേണ്‍ ആയതുകൊണ്ട് തന്നെ പ്രേക്ഷകരുടെ മനസില്‍ ആ കഥാപാത്രം നിറഞ്ഞു നില്‍ക്കുന്നുണ്ട്. എനിക്ക് ഏറ്റവും കൂടുതല്‍ കോളുകല്‍ വരുന്നതും, ഞാന്‍ ഏറ്റവും കൂടുതല്‍ അധ്വാനിച്ചതും ഇതിലെ സജി എന്ന കഥാപാത്രത്തിനാണ്. നല്ലൊരു ടീം വര്‍ക്കും കൂടി ചിത്രത്തിന് ഉണ്ടായിരുന്നതിനാല്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രമാണിത്’ സൗബിന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഥാപാത്രത്തിന്റെ കാര്യത്തില്‍ പ്രത്യേക സെലക്ഷന്‍ ഒന്നുമില്ലെന്നും സൗബിന്‍ പറഞ്ഞു. സമയത്തിനൊത്ത് കിട്ടുന്ന കഥാപാത്രങ്ങള്‍ എല്ലാം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ അതില്‍ ചിലത് നന്നാകും, ചിലത് മോശമാകും. ഞാന്‍ എല്ലാ കഥാപാത്രങ്ങളും ചെയ്യും. ഒരു ജോലി പോലെ ഇതിനെ കണ്ടാല്‍ മതി. ഒരു ജീവിത മാര്‍ഗമാണിത്. അപ്പോള്‍ നല്ല കഥാപാത്രങ്ങളെ മാത്രം നോക്കിയിരുന്നാല്‍ അത് എന്നെ പോലുള്ള ഒരാള്‍ക്ക് ലഭിക്കണമെന്നില്ലെന്നും സൗബിന്‍ പറഞ്ഞു.

Exit mobile version