‘നാന്‍ പെറ്റ മകന്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ധനമന്ത്രി തോമസ് ഐസക് പ്രകാശനം ചെയ്തു

ആറടി എന്ന ചിത്രം ഒരുക്കിയ സജി എസ് പാലമേല്‍ ആണ് 'നാന്‍ പെറ്റ മകന്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍

മഹാരാജാസ് കോളേജില്‍ രാഷ്ട്രീയ കൊലപാതക്കത്തിന് ഇരയായ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ‘നാന്‍ പെറ്റ മകന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ധനമന്ത്രി തോമസ് ഐസക് പ്രകാശനം ചെയ്തു. സമീപകാലത്ത് കേരളം ഏറ്റുവാങ്ങിയ വലിയ നൊമ്പരമായ അഭിമന്യുവിന്റേയും, അപാരമായ ഉള്‍ക്കരുത്തോടെ രക്തസാക്ഷിയായി ജീവിച്ച് മറഞ്ഞ സഖാവ് സൈമണ്‍ ബ്രിട്ടോയുടേയും ജീവിതയാത്രകള്‍ പരാമര്‍ശിക്കുന്ന ഈ സിനിമ അവരുയര്‍ത്തിയ മാനവികതയുടെ ശബ്ദം മലയാളികളുടെ മനസ്സില്‍ എക്കാലവും മായാതെ നില്‍ക്കാന്‍ ഉപകരിക്കുമെന്ന് പ്രത്യാശിക്കാം എന്നും അഭിമന്യുവിന്റെ ധീരസ്മരണയ്ക്കു മുന്നില്‍ രക്താഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ടുമാണ് മന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

ആറടി എന്ന ചിത്രം ഒരുക്കിയ സജി എസ് പാലമേല്‍ ആണ് ‘നാന്‍ പെറ്റ മകന്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍. 2012 മികച്ച ബാല താരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ മിനോണാണ് അഭിമന്യുവായി വെള്ളിത്തിരയില്‍ എത്തുന്നത്. ശ്രീനിവാസന്‍, സിദ്ധാര്‍ത്ഥ് ശിവ, മുത്തുമണി, സരയൂ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മഹാരാജാസ് കോളേജിലും വട്ടവടയിലുമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. റെഡ്സ്റ്റാര്‍ മൂവിസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

മതതീവ്രവാദികളാല്‍ മഹാരാജാസ് കോളേജില്‍ രക്തസാക്ഷിത്വം വരിച്ച സഖാവ് അഭിമന്യുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സജി എസ് പാലമേല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘നാന്‍ പെറ്റ മകന്‍.

ആലപ്പുഴ ജില്ലയിലെ പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന സജിയുടെ ആദ്യ സിനിമ ‘ആറടി ‘ (6feet) ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റുകയും 2016 IFFKയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2017 ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തിരുന്നു. പ്രഗത്ഭരായ നിരവധി അഭിനേതാക്കളേയും മികച്ച സാങ്കേതിക വിദഗ്ദ്ധരേയും അണിനിരത്തി വിപുലമായ ക്യാന്‍വാസില്‍ സജി ഒരുക്കുന്ന സിനിമയാണ് ‘നാന്‍ പെറ്റ മകന്‍.

സമീപകാലത്ത് കേരളം ഏറ്റുവാങ്ങിയ വലിയ നൊമ്പരമായ അഭിമന്യുവിന്റേയും, അപാരമായ ഉള്‍ക്കരുത്തോടെ, രക്തസാക്ഷിയായി ജീവിച്ച് മറഞ്ഞ സഖാവ് സൈമണ്‍ ബ്രിട്ടോയുടേയും ജീവിതയാത്രകള്‍ പരാമര്‍ശിക്കുന്ന ഈ സിനിമ അവരുയര്‍ത്തിയ മാനവികതയുടെ ശബ്ദം മലയാളികളുടെ മനസ്സില്‍ എക്കാലവും മായാതെ നില്‍ക്കാന്‍ ഉപകരിക്കുമെന്ന് പ്രത്യാശിക്കാം…

അഭിമന്യുവിന്റെ ധീരസ്മരണയ്ക്കു മുന്നില് രക്താഭിവാദ്യങ്ങളര്പ്പിച്ചുകൊണ്ട് ‘നാന്‍ പെറ്റ മകന്‍’ സിനിമയുടെ ‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ‘ ഞാന്‍ പ്രകാശനം ചെയ്യുന്നു.

Exit mobile version