മൊയ്തീനു ശേഷം ബ്രഹ്മാണ്ഡ ചിത്രവുമായി ആര്‍എസ് വിമല്‍; മഹാവീര്‍ കര്‍ണയുടെ ചിത്രീകരണം ആരംഭിച്ചു

റാമോജി ഫിലിം സിറ്റി, ജയ്പൂര്‍, കാനഡ എന്നിവിടങ്ങളിലായിട്ടാണ് മഹാവീര്‍ കര്‍ണ ചിത്രീകരിക്കുന്നത്

‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മഹാവീര്‍ കര്‍ണയുടെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചു. സംവിധായകന്‍ വിമല്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമാണ് കര്‍ണനായി എത്തുന്നത്.

ചിത്രത്തിനായി ഒരുക്കുന്ന മുപ്പതടി ഉയരമുള്ള രഥത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ മണി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുനടയില്‍ പൂജിച്ച ശേഷം ഹൈദരാബാദിലേക്ക് കൊണ്ടു പോയിരുന്നു. പൃഥ്വിരാജിനെ നായകനാക്കി മൂന്നുവര്‍ഷം മുമ്പാണ് ആര്‍എസ് വിമല്‍ കര്‍ണന്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ പിന്നീട് ചിത്രത്തില്‍ നിന്ന് പൃഥിരാജ് മാറി വിക്രം എത്തുകയായിരുന്നു. റാമോജി ഫിലിം സിറ്റി, ജയ്പൂര്‍, കാനഡ എന്നിവിടങ്ങളിലായിട്ടാണ് മഹാവീര്‍ കര്‍ണ ചിത്രീകരിക്കുന്നത്. മുന്നൂറ് കോടി ബജറ്റില്‍
ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തില്‍ വിക്രമത്തിനെ കൂടാതെ ചിത്രത്തില്‍ ഇന്ദ്രസും ഹോളിവുഡിലെ ഒരു സൂപ്പര്‍താരം ഭീമനായി അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു പുറമെ ബോളിവുഡില്‍ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്‌നീഷ്യന്‍സും സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേ സമയം മലയാളത്തില്‍ നേരത്തെ പ്രഖ്യാപിച്ച കര്‍ണന്‍ എന്ന പ്രൊജക്ട് അല്ല ഇതെന്നും ഇത് പുതിയ പ്രൊജക്ടാണെന്നും ആര്‍എസ് വിമല്‍ പറഞ്ഞു.

Exit mobile version