ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ സിനിമയ്ക്ക് സ്റ്റേ..! കഥ മോഷ്ടിച്ചതെന്ന് ആരോപിച്ച് ഹര്‍ജിയുമായി സംവിധായകന്‍ ഉദയ് അനന്തന്‍

കൊച്ചി: ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ സിനിമയ്ക്ക് സ്റ്റേ. സിനിമയുടെ നിര്‍മ്മാണം ആഷിഖ് അബുവിന്റെ ഭാര്യയും നടിയുമായ റിമാ കല്ലിങ്കലാണ്. നിപ രോഗബാധയെ കേരളം നേരിട്ടതിനെക്കുറിച്ചാണ് സിനിമ പറയുന്നത്. എന്നാല്‍ തന്റെ കഥ മോഷ്ടിച്ചതെന്നാരോപിച്ച് സംവിധായകന്‍ ഉദയ് അനന്തന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ എറണാകുളം സെഷന്‍സ് കോടതി സിനിമയ്ക്ക് സ്റ്റേ ഏര്‍പ്പെടുത്തിയത്.

ഏപ്രില്‍ 11ന് ചിത്രത്തിന്റെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോടതിയുടെ സ്റ്റേ ഉത്തരവ് അണിയറക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ജനുവരി ആദ്യവാരമാണ് സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങിയത്.

കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്. ഒപിഎം പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.

രാജീവ് രവിയാണ് ‘വൈറസി’ന്റെ ഛായാഗ്രാഹണം. ‘കെഎല്‍ 10 പത്തി’ന്റെ സംവിധായകനും ‘സുഡാനി ഫ്രം നൈജീരിയ’യുടെ സഹരചയിതാവുമായ മുഹ്സിന്‍ പരാരി, അമല്‍ നീരദ് ചിത്രം വരത്തന്റെ രചന നിര്‍വ്വഹിച്ച സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. യുവ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം. എഡിറ്റിംഗ് സൈജു ശ്രീധരന്‍.

Exit mobile version