’96’ന്റെ ഉജ്ജ്വല വിജയം, സംവിധായകന് കിടിലനൊരു സമ്മാനം നല്‍കി മക്കള്‍ സെല്‍വന്‍; സ്‌നേഹ സമ്മാനം കണ്ട് അമ്പരന്ന് സംവിധായകന്‍!

റോയല്‍ എന്‍ഫീല്‍ഡ് അടുത്തിടെ പുറത്തിറക്കിയ ഇന്റര്‍സെപ്റ്റര്‍ 650 ആണ് സംവിധായകനായ പ്രേംകുമാറിന് വിജയ് സേതുപതി നല്‍കിയ സ്‌നേഹ സമ്മാനം

കഴിഞ്ഞ വര്‍ഷം കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ ജനപ്രീതി നേടിയ ചിത്രമാണ് വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ’96’. നഷ്ട പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ നൂറാം ദിവസം കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. ചിത്രത്തിന്റെ നൂറാം ദിനം ആഘോഷിക്കുന്ന വേളയില്‍ ജാനുവിനെയും റാമിനെയും പ്രേക്ഷകരിലേക്ക് എത്തിച്ച സംവിധായകന് കിടിലനൊരു സമ്മാനമാണ് മക്കള്‍ സെല്‍വന്‍ നല്‍കിയിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് അടുത്തിടെ പുറത്തിറക്കിയ ഇന്റര്‍സെപ്റ്റര്‍ 650 ആണ് സംവിധായകനായ പ്രേംകുമാറിന് വിജയ് സേതുപതി നല്‍കിയ സ്‌നേഹ സമ്മാനം. ഇതുകൂടാതെ ബൈക്കിന് 0096 എന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ കൂടി വാങ്ങി നല്‍കിയാണ് സേതുപതി സംവിധായകനെ അമ്പരപ്പിച്ചത്. ബെക്കിന് 2.50 ലക്ഷം രൂപ മുതല്‍ 2.70 ലക്ഷം രൂപ വരെയാണ് വില.

കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ വിജയക്കൊടി പാറിച്ച ചിത്രത്തിന്റെ കന്നഡ റീമേക്ക് അണിയറയില്‍ ഒരുങ്ങുകയാണ്. തമിഴില്‍ വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തെ കന്നഡയില്‍ അവതരിപ്പിക്കുന്നത് ‘ഗോള്‍ഡന്‍ സ്റ്റാര്‍’ എന്ന് വിശേഷണമുള്ള ഗണേഷ് ആണ്. തൃഷ അവതരിപ്പിച്ച നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭാവനയുമാണ്. പ്രീതം ഗബ്ബിയാണ് ചിത്രം കന്നഡയില്‍ ഒരുക്കുന്നത്.

Exit mobile version