‘സംവിധായകന്‍ റാമിനെ വണങ്ങുന്നു, യാത്ര കണ്ടില്ലെങ്കിലും നിങ്ങള്‍ പേരന്‍പ് കാണാതെ പോകരുത്’; ‘യാത്ര’യുടെ സംവിധായകന്‍ മഹി വി രാഘവ്

തന്റെ ചിത്രമായ 'യാത്ര' കാണാന്‍ പ്രേക്ഷകരോട് ആവശ്യപ്പെടുന്നില്ലെങ്കിലും എല്ലാവരും പേരന്‍പ് തീര്‍ച്ചയായും കാണണമെന്നും മഹി പറഞ്ഞു

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രം ‘പേരന്‍പി’നെ വാനോളം വാഴ്ത്തി സംവിധായകന്‍ മഹി വി രാഘവ്. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ‘യാത്ര’യുടെ സംവിധായകനാണ് മഹി. ഒരു കഥാപാത്രമായി മാറാനുള്ള മമ്മൂട്ടിയുടെ കഴിവാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നതെന്നും പേരന്‍പിന്റെ സംവിധായകന്‍ റാമിനെ വണങ്ങുന്നുവെന്നും മഹി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തന്റെ ചിത്രമായ ‘യാത്ര’ കാണാന്‍ പ്രേക്ഷകരോട് ആവശ്യപ്പെടുന്നില്ലെങ്കിലും എല്ലാവരും പേരന്‍പ് തീര്‍ച്ചയായും കാണണമെന്നും മഹി പറഞ്ഞു.

കഥാപാത്രത്തിലേക്ക് യഥാര്‍ത്ഥമായി പരിവര്‍ത്തനം ചെയ്യാനുള്ള കഴിവാണ് മമ്മൂട്ടി എന്ന വ്യക്തിയെ മനോഹരമായ ഒരു നടനാക്കുന്നത്. യാത്രയിലെ വൈഎസ്ആറായി അദ്ദേഹത്തിന്റെ അഭിനയ പാടവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു വ്യക്തിയാണ് ഞാന്‍. അതില്‍ നിന്നും പേരന്‍പിലേക്ക് വരുമ്പോള്‍ വൈഎസ്ആര്‍ അടക്കം അദ്ദേഹം മുന്‍പ് അവതരിപ്പിച്ച കഥാപാത്രങ്ങളുമായി ചെറിയൊരു സാമ്യമോ നിഴലാട്ടമോ പോലും എനിക്ക് കാണാന്‍ സാധിച്ചില്ല, സംവിധായകന്‍ മഹി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അന്തരിച്ച മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആറായി മമ്മൂട്ടി വേഷമിടുന്ന തെലുങ്ക് ചിത്രമാണ് ‘യാത്ര’. നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്. 2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൂരമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Exit mobile version