ജോജുവിന് നായികയായി നൈല ഉഷ; ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കും

നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'പൊറിഞ്ചു മറിയം ജോസ്'

സൂപ്പര്‍ ഹിറ്റ് ചിത്രം ‘ജോസഫി’ന് ശേഷം ജോജു ജോര്‍ജ്ജ് നായകനായി എത്തുന്ന ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തില്‍ നായികയായി നൈല ഉഷ എത്തുന്നു. നേരത്തെ ചിത്രത്തില്‍ നായികയായി പരിഗണിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍, ധനുഷ് ചിത്രം അസുരന്‍ എന്നിവയുടെ തിരക്ക് കാരണം മഞ്ജു ചിത്രത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് നൈല ഉഷയ്ക്ക് നറുക്ക് വീണിരിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘പൊറിഞ്ചു മറിയം ജോസ്’. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം 11 ന് ആരംഭിക്കും. ജോജുവിനൊപ്പം ചെമ്പന്‍ വിനോദും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരിടവേളയ്ക്കു ശേഷമാണ് നൈല വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മമ്മൂട്ടിയുടെ കുഞ്ഞനന്തന്റെ കടയിലൂടെയാണ് നൈലയുടെ സിനിമാ അരങ്ങേറ്റം. പുണ്യാളന്‍ അഗര്‍ബത്തീസ്, ഫയര്‍മാന്‍, പത്തേമാരി, ദിവാന്‍ജി മൂല എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

തൃശ്ശൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അജയ് ഡേവിഡ് കാച്ചപ്പളളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജേക്ക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു.

Exit mobile version