അതിഗംഭീര സിനിമയാണ് ഇത്! ഒരുപാട് പഠിക്കാനുണ്ട് ഇതില്‍നിന്ന്; തൊണ്ടിമുതലിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധായകര്‍

'തുമാരി സുലു'വിന്റെ സംവിധായകന്‍ സുരേഷ് ത്രിവേണിയും മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുമാണ് ചിത്രത്തിന് പ്രശംസയുമായി രംഗത്തെത്തിയത്

ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമ്മൂടും തകര്‍ത്തഭിനയിച്ച ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധായകര്‍ രംഗത്തെത്തി. ‘തുമാരി സുലു’വിന്റെ സംവിധായകന്‍ സുരേഷ് ത്രിവേണിയും മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുമാണ് ചിത്രത്തിന് പ്രശംസയുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ഇരുവരും ചിത്രത്തെ പ്രശംസിച്ചിരിക്കുന്നത്.

സുരേഷ് ത്രിവേണിയാണ് ചിത്രത്തെ പ്രശംസിച്ച് ആദ്യം ട്വീറ്റ് ചെയ്തത്. ‘ഇതിനേക്കാള്‍ മികച്ചൊരു സിനിമ നിങ്ങള്‍ എന്നെ കാണിക്കൂ. ഓരോ തവണ കാണുമ്പോഴും എന്തെങ്കിലുമൊരു പുതിയ സംഗതി ഞാന്‍ കണ്ടെത്തും. ശരാശരി നിലവാരം ആഘോഷിക്കപ്പെടുന്ന കാലത്ത്, ഇത്തരം ചിത്രങ്ങള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ഒരു അളവുകോലിനെക്കുറിച്ച് നിങ്ങളെത്തന്നെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട് അവ’- എന്നാണ് സുരേഷ് ത്രിവേണി ട്വീറ്റ് ചെയ്തത്.

‘അതിഗംഭീര സിനിമയാണ് ഇത്! എനിക്ക് ഈ ചിത്രം തുടര്‍ച്ചയായി കാണാനാവും. ഒരുപാട് പഠിക്കാനുണ്ട് ഇതില്‍നിന്ന്’, എന്നായിരുന്നു ബിജോയ് നമ്പ്യാരുടെ ട്വീറ്റ്.

സൂപ്പര്‍ ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമ്മൂട്, നിമിഷാ സജയന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിരക്കഥയ്ക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളടക്കം ഒട്ടേറെ അവാര്‍ഡുകള്‍ നേടിയ ചിത്രം കൂടിയാണിത്. നിരൂപക പ്രശംസയോടൊപ്പം ബോക്സ്ഓഫീസ് ഹിറ്റുമായിരുന്നു ചിത്രം.

Exit mobile version