തനിയാവര്‍ത്തനം കണ്ട് കരഞ്ഞ ശേഷം ഇന്നാദ്യമായിട്ടാണ് ഒരു സിനിമ കണ്ട് കരയുന്നത്; പേരന്‍പിനെ കുറിച്ച് എസ്എന്‍ സ്വാമി

32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിയാവര്‍ത്തനം കണ്ട് കരഞ്ഞതിന് ശേഷം ഇന്നാദ്യമായിട്ടാണ് താനൊരു സിനിമ കണ്ട് കരയുന്നതെന്ന് ചിത്രത്തിന്റെ പ്രീവ്യൂ ഷോ കണ്ടതിന് ശേഷം എസ്എന്‍ സ്വാമി പ്രതികരിച്ചത്

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിച്ച ചിത്രമാണ് ‘പേരന്‍പ്’. കേരളത്തില്‍ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ എറണാകുളം പിവിആറില്‍ കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. ചിത്രം കാണാന്‍ സംവിധായകരും താരങ്ങളും അടക്കം നിരവധി പേരാണ് എത്തിയത്. ചിത്രം എല്ലാവരും കണ്ടിരിക്കേണ്ടതാണെന്നും മമ്മൂട്ടി വീണ്ടും കണ്ണ് നനയിപ്പിച്ചുവെന്നുമാണ് ചിത്രം കണ്ടതിനു ശേഷം താരങ്ങള്‍ പ്രതികരിച്ചത്.

ഇത്തവണ മമ്മൂട്ടിയെ കുറിച്ച് വാതോരാതെ പറഞ്ഞിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയാണ്. 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിയാവര്‍ത്തനം കണ്ട് കരഞ്ഞതിന് ശേഷം ഇന്നാദ്യമായിട്ടാണ് താനൊരു സിനിമ കണ്ട് കരയുന്നതെന്ന് ചിത്രത്തിന്റെ പ്രീവ്യൂ ഷോ കണ്ടതിന് ശേഷം എസ്എന്‍ സ്വാമി പ്രതികരിച്ചത്.

‘ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. അതില്‍ എന്നെ ഏറ്റവും വിഷമിപ്പിച്ച സിനിമയായിരുന്നു എന്റെ സുഹൃത്തിന്റെ തനിയാവര്‍ത്തനം. ആ സിനിമ കണ്ടിട്ട് ഞാന്‍ ഒരുപാട് കരഞ്ഞു. അന്ന് ഞാന്‍ അഹങ്കാരത്തോടെ തീരുമാനിച്ചു, ഇനിയേത് സിനിമ കണ്ടാലും ഞാന്‍ കരയില്ലെന്ന്. ഇക്കാലയളവില്‍ അങ്ങനെയൊരു ചിത്രം ഞാന്‍ കണ്ടതുമില്ല. പക്ഷേ ഇന്ന് ഞാന്‍ തോറ്റു. പേരന്‍പ് കണ്ട് കരഞ്ഞു, മനസ്സ് സങ്കടപ്പെടുക മാത്രമല്ല ദേഷ്യവും വന്നു. കാരണം തനിയാവര്‍ത്തനം ഇതിലും ആവര്‍ത്തിക്കുമോ എന്ന ഭയമുണ്ടായിരുന്നു എനിക്ക്. അച്ഛനും മകളു കൂടി കടലിലേക്ക് പോയപ്പോള്‍ എന്റെ നെഞ്ച് വിങ്ങുകയായിരുന്നു. ഇതുപോലൊരു സുന്ദരമായ സിനിമ സമ്മാനിച്ചതിന് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി.’-എസ്എന്‍ സ്വാമി പറഞ്ഞു.

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അമുദന്‍ എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറാണ്. മമ്മൂട്ടിയുടെ മകളായി എത്തുന്നത് സാധനയാണ്. അഞ്ജലി, അഞ്ജലി അമീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. റാം ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഫെബ്രുവരി ഒന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

Exit mobile version