റിലീസിന് ഇനി ഒരാഴ്ച്ച മാത്രം; ‘പേരന്‍പ്’ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടു

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്

സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പേരന്‍പിന്റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആറ് മിനിട്ടുള്ള വീഡിയോയില്‍ ലോക്കഷന്‍ കാഴ്ച്ചകളും സംവിധായകന്‍ റാം മമ്മൂട്ടിയുമായുള്ള വര്‍ക്കിംഗ് എക്സ്പീരിയന്‍സിനെ കുറിച്ച്‌ പറയുന്ന വിവരണങ്ങളാണ് ഉള്ളത്.

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. അമുദന്‍ എന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ മകളായി എത്തുന്നത് സാധനയാണ്. അഞ്ജലി, അഞ്ജലി അമീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെ ഒരുക്കിയ റാമാണ് ചിത്രത്തിന്റെ സംവിധായകന്‍. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന സിനിമയുടെ ഇന്ത്യന്‍ പ്രീമിയര്‍ ഗോവ ചലച്ചിത്ര മേളയിലായിരുന്നു. രണ്ട് വേദികളിലും മികച്ച പ്രതികരണം നേടിയ ചിത്രം ഫെബ്രുവരി ഒന്നിന് ലോകമെമ്പാടുമുള്ള തീയ്യേറ്ററുകളിലെത്തും.

Exit mobile version