ഇന്ത്യന്‍ 2; ചിത്രത്തില്‍ നിന്നും ചിമ്പുവിനെ പുറത്താക്കി പകരം സിദ്ധാര്‍ഥ്

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സുമായി ഉണ്ടാക്കിയ ചില പ്രശ്നങ്ങളാണ് ചിമ്പുവിനെ നീക്കാനുള്ള കാരണം എന്നാണ് സൂചന

ശങ്കര്‍-കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഇന്ത്യന്‍ 2’ വില്‍ നിന്ന് നടന്‍ ചിമ്പുവിനെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. ചില തമിഴ് മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ 2വിന്റെ ചിത്രീകരണം ആരംഭിച്ചത്. കമല്‍ഹാസന്റെ സേനാപതി എന്ന കഥാപാത്രത്തിന്റെ കൊച്ചുമകന്റെ കഥാപാത്രമായി ചിമ്പുവിന് പകരം ഇനി സിദ്ധാര്‍ഥ് ആണ് എത്തുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സുമായി ഉണ്ടാക്കിയ ചില പ്രശ്നങ്ങളാണ് ചിമ്പുവിനെ നീക്കാനുള്ള കാരണം എന്നാണ് സൂചന. ചിമ്പുവിന്റെ അടുത്ത ചിത്രമായ ‘വന്താ രാജാവാ താന്‍ വരുവെ’യില്‍ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വന്ന തര്‍ക്കത്തെ തുടര്‍ന്ന് താരം ഒരു പാട്ടില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞിരുന്നു.

തുടര്‍ന്ന് പണത്തിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പായതോടെയാണ് അഭിനയിക്കാന്‍ തയ്യാറായത്. പ്രശ്നങ്ങള്‍ക്ക് ശേഷം ലൈക്ക പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് ചിമ്പു പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ചിമ്പു പുറത്തായത് എന്നാണ് സൂചന. അതേ സമയം സംവിധായകന്‍ ശങ്കര്‍ ഇതിനെക്കുറിച്ച് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

Exit mobile version