ബോണി കപൂര്‍ വിളിച്ചു; ‘തല’യ്‌ക്കൊപ്പം അതിഥി വേഷത്തില്‍ വിദ്യാബാലന്‍ എത്തുന്നു!

ഇത് ബോണിജിയ്ക്കു വേണ്ടി മാത്രം ചെയ്യുന്നതാണ്, അദ്ദേഹത്തോട് എനിക്ക് ഒരു പ്രത്യേക അടുപ്പമുണ്ട്,' വിദ്യ പറയുന്നു

ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്കില്‍ വിദ്യാ ബാലന്‍ അതിഥി വേഷത്തിലെത്തുന്നു. അമിതാഭ് ബച്ചനും താപ്‌സി പാന്നുവും അഭിനയിച്ച ‘പിങ്ക്’ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ ചെയ്ത വേഷം തമിഴില്‍ ചെയ്യുന്നത് അജിത്താണ്. നേരത്തെ വിദ്യാബാലന്‍ ചിത്രത്തിലെത്തുമെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ വിദ്യാബാലന്‍ തന്നെയാണ് വാര്‍ത്ത സ്ഥിതീകരിച്ചിരിക്കുന്നത്.

‘ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്കില്‍ ഞാനും ഒരു സ്‌പെഷ്യല്‍ അപ്പിയറന്‍സില്‍ എത്തുന്നുണ്ട്. ഒരു ചെറിയ വേഷമാണ്. ബോണിജി (ബോണികപൂര്‍) നിര്‍മ്മിക്കുന്ന ചിത്രമായത് കൊണ്ടാണ് ഞാനിത് സ്വീകരിച്ചത്. അദ്ദേഹമാണ് എനിക്ക് ഈ വേഷം ഓഫര്‍ ചെയ്തത്. ഒരു അതിഥിവേഷമുണ്ട്, ചെയ്യാന്‍ പറ്റുമോ എന്നദ്ദേഹം ചോദിച്ചു. എനിക്ക് പൊതുവേ റീമേക്കുകള്‍ ചെയ്യാന്‍ ഇഷ്ടമല്ല. പക്ഷേ ഇത് ഞാന്‍ താങ്കള്‍ക്ക് വേണ്ടി ചെയ്യാം എന്നു പറഞ്ഞു. ഇത് ബോണിജിയ്ക്കു വേണ്ടി മാത്രം ചെയ്യുന്നതാണ്, അദ്ദേഹത്തോട് എനിക്ക് ഒരു പ്രത്യേക അടുപ്പമുണ്ട്,’ വിദ്യ പറയുന്നു. കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താരം തയ്യാറായില്ല.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം മേയ് ഒന്നിന് റിലീസിന് എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. മലയാളിതാരം നസ്രിയയും ചിത്രത്തിലുണ്ടെന്നാണ് സ്ഥിതീകരിക്കാത്ത മറ്റൊരു വാര്‍ത്ത. തപ്സി പന്നു ഹിന്ദിയില്‍ അവതരിപ്പിച്ച കഥാപാത്രത്തെയാകും നസ്രിയ അവതരിപ്പിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂറാണ്.

Exit mobile version