ട്രിവാന്‍ഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗവുമായി വികെ പ്രകാശ് എത്തുന്നു

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ പ്രാണയാണ് വികെ പ്രകാശിന്റെ സംവിധാനത്തില്‍ തീയ്യേറ്ററുകളിലെത്തുന്ന ചിത്രം

ജയസൂര്യയും അനൂപ് മേനോനും തകര്‍ത്തഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ട്രിവാന്‍ഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗം വരുന്നു. അനൂപ് മേനോന്റെ തിരക്കഥയില്‍ വികെ പ്രകാശ് ഒരുക്കിയ ചിത്രം 2012 ലാണ് തീയ്യേറ്ററുകളിലെത്തിയത്. നടി ഹണി റോസിന് കരിയറില്‍ ബ്രേക്ക് നല്‍കിയ ചിത്രം കൂടി ആയിരുന്നു ഇത്. ഭാവന, ജനാര്‍ദ്ദനന്‍,സുകുമാരി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന് വ്യക്തമാക്കിയത് സംവിധായകന്‍ വികെ പ്രകാശ് തന്നെയാണ്. ‘മദ്രാസ് ലോഡ്ജ്’ എന്നായിരിക്കും പുതിയ ഭാഗത്തിന്റെ പേര്. ചിത്രം ഈ വര്‍ഷം തന്നെ റിലീസിനെത്തുമെന്നും വികെ പ്രകാശ് പറഞ്ഞു. ഇതിനു പുറമെ അനൂപ് മേനോന്റെ തിരക്കഥയില്‍ കിങ്ഫിഷ് എന്ന ചിത്രവും ഒരു ഹിന്ദി വെബ് സീരീസും ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ പ്രാണയാണ് വികെ പ്രകാശിന്റെ സംവിധാനത്തില്‍ തീയ്യേറ്ററുകളിലെത്തുന്ന ചിത്രം. പരീക്ഷണ ചിത്രമായ പ്രാണയില്‍ ആകെ ഒരു കഥാപാത്രം മാത്രമാണുള്ളത്. ഇത്തരം പരീക്ഷണങ്ങള്‍ വിജയിക്കുമ്പോള്‍ ലഭിക്കുന്ന പ്രചോദനമാണ് പുതിയ ചിന്തകള്‍ക്ക് വളമാവുന്നതെന്നും പ്രാണ സ്വീകരിക്കപ്പെടുമെന്ന് വിശ്വാസമുണ്ടെന്നും വികെ പ്രകാശ് പറഞ്ഞു.

Exit mobile version