” ഓള് ഉമ്മച്ചി കുട്ടിയാണേല്‍ ഞാന്‍ നായാരാടാ നായര്” ‘ഇവളുടെ ജാതിയോ ? മ്മടെ ജാതിതന്നെ, അച്ഛന്‍ ഗോവിന്ദന്‍ നായര്… ” അപ്പോ നീ ആള് അത്ര മോശക്കാരനൊന്നുമല്ലല്ലേ ? അല്ലെടോ ഞാന്‍ അസ്സല്‍ നായരാടോ… ”: മലയാള സിനിമയിലെ ജാതീയതയെക്കുറിച്ച് ശ്രദ്ധേയമായ തുറന്നെഴുത്ത്

സവര്‍ണ പൊതുബോധത്തിന്റെ നീരാളിക്കെകളില്‍ നിന്ന് മോചിതരാവാന്‍ സിനിമാ മേഖലക്കു മാത്രമായി കഴിയില്ലെന്ന് വ്യക്തമാണ്

നരസിംഹം, ചന്ദ്രലേഖ, ഒരു സിബിഐ ഡയറിക്കുറിപ്പ് ഇങ്ങനെ മലയാളികളുടെ ഇഷ്ടചിത്രങ്ങളുടെ നിര നീളും. ഈ ചിത്രങ്ങളിലെ സവര്‍ണ നായകന്മാര്‍ക്കും മറ്റു കഥാപാത്രങ്ങള്‍ക്കും അന്നും ഇന്നും ഒരുമാറ്റവുമില്ല.

സവര്‍ണ പൊതുബോധത്തിന്റെ നീരാളിക്കെകളില്‍ നിന്ന് മോചിതരാവാന്‍ സിനിമാ മേഖലക്കു മാത്രമായി കഴിയില്ലെന്ന് വ്യക്തമാണ്. മലയാള സിനിമയിലെ ജാതീയതയെക്കുറിച്ച് തുറന്നെഴുതുന്നു പ്രസാദ് നാരായണന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ. സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും മുന്നില്‍ നില്‍ക്കുന്ന വിഭാഗങ്ങളില്‍ പെട്ടവരില്‍ നിന്നുണ്ടാവുന്ന സിനിമകളില്‍ ”സ്വാഭാവികമായി” തന്നെ അത്തരം ഘടകകളുണ്ടാവുമെന്നും കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജാതി കലയോ അതോ സിനിമയോ

” ഓള് ഉമ്മച്ചി കുട്ടിയാണേല്‍ ഞാന്‍ നായാരാടാ നായര്” ‘ഇവളുടെ ജാതിയോ ? മ്മടെ ജാതിതന്നെ, അച്ഛന്‍ ഗോവിന്ദന്‍ നായര്… ” അപ്പോ നീ ആള് അത്ര മോശക്കാരനൊന്നുമല്ലല്ലേ ? അല്ലെടോ ഞാന്‍ അസ്സല്‍ നായരാടോ… ”

” ഞാന്‍ ബംഗാളിയല്ലമ്മച്ചി, മലയാളിയാണ് ഒന്നാന്തരം നായരാണ്. ” ” പ്രസവമടുത്തിരിക്കുന്നെന്റെ ഭാര്യയെ കാണാനാണ് ഞാന്‍ പോകുന്നത്. ഞാനൊരു ബ്രാഹ്മണനാണ് കള്ളം പറയില്ല, എന്നേ വിശ്വസിക്കൂ. ”

” ഒരില്ലത്തു ജനിച്ചതല്ലേ, ആ ഒരു ഗുണമുണ്ടാവാതിരിക്കോ ?

അതും ഒരു തമ്പുരാട്ടിയില്‍. അല്ലാതൊരു സാധാരണ സ്ത്രീയെ എത്ര സുന്ദരിയായാലും കുട്ടനൊരു തെറ്റുപറ്റുമെന്ന് തോന്നുന്നുണ്ടോ നാരായണാ ?”

”ഞാനൊരു പെണ്ണിനെ സ്നേഹിക്കുന്നുണ്ട് ? എന്താ അവളുടെ പേര് ? രാധികാ മേനോന്‍. ഹോ !സമാധാനമായി മേനോന്‍ കുട്ടിയാണല്ലേ.”

ഈ സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മളില്‍ ചിലരെങ്കിലും അത്ഭു തപ്പെട്ടേക്കും. ഇതെന്താണ് ?, ആരാണ് ഇങ്ങനെയൊക്കെ പറയുന്നത് ? ആരോടാണ് പറയുന്നത് ? ഉത്തരം കേട്ടാല്‍ അത്ഭുത പ്പെടേണ്ട, മഹാല്‍ഭുദങ്ങള്‍ വരാനിരിക്കുന്നേയുള്ളൂ. മേല്‍പ്പറഞ്ഞ സംഭാഷണങ്ങളെല്ലാം കേരളത്തിലെ തീയറ്ററുകളില്‍ നിറഞ്ഞോടിയ ചില മലയാളസിനിമകളില്‍ നിന്നെടുത്തതാണ്. പ്രമുഖരായ നടീനടന്‍മാര്‍ നടനവൈഭവം വെളിവാക്കിയ, പ്രമുഖര്‍ തിരക്കഥയും സംഭാഷണവും എഴുതിയ, നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളാണ് ഇവ. മലയാള സിനിമയിലെ സവര്‍ണതയെ കണ്ടെത്താനുള്ള ഒരു വഴികാട്ടി മാത്രമാണ് ഈ സിനിമകള്‍. ഈ വഴിയിലൂടെ നമുക്ക് സഞ്ചരിക്കാം.

മലയാളത്തിലെ ചില പോപ്പുലര്‍ സിനിമകള്‍ ഉദാഹരണമായി എടുത്ത് പരിശോധിച്ചാല്‍ ഭൂരിപക്ഷത്തിലും നായകനും നായികയും ‘മികച്ച’ കഥാപാത്രങ്ങളും നായരോ അതിന് മുകളിലോ ഉള്ള ജാതികളില്‍ പെടുന്നവരായിരിക്കും. അതുകൊണ്ടാണ് കേസ് തെളിയിക്കുന്നതില്‍ സമര്‍ത്ഥനായ ‘സേതുരാമന്‍ ‘സിബിഐ ഓഫീസറായത് അതായത് സേതുരാമയ്യര്‍ (സേതുരാമയ്യര്‍ സിബിഐ-2004). 1988ല്‍ പുറത്തിറങ്ങിയ സിബിഐ ഡയറിക്കുറിപ്പിന്റെ പിന്നണിയിലെ പ്രമുഖര്‍ തന്നെ അയ്യരെ കേന്ദ്ര കഥാപാത്രമാക്കിയതിന്റെ കാരണം വെളിപ്പെടുത്തിയിരുന്നു. പട്ടരില്‍ പൊട്ടന്‍ ജില്ലാ കലക്ടര്‍ എന്നാണല്ലോ നാട്ടു”വിശ്വാസം”. ഈ വിശ്വാസം കൂടിയാണ് സിനിമയില്‍ പ്രതിഫലിക്കുന്നത്.

2000ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ നായകനായ ഹിറ്റ് ചിത്രമായ നരസിംഹത്തില്‍ ഏത് കേസും വിജയിപ്പിക്കാന്‍ കഴിയുന്ന അഭിഭാഷകനായ എത്തുന്നത് നന്ദഗോപാല്‍ മാരാരാണ്. അതെന്താണ് സവര്‍ണ ജാതിയില്‍ പെടുന്നവര്‍ മാത്രം ബുദ്ധിശക്തിയുള്ളവരായും കഴിവുള്ളവരായും ചിത്രീകരിക്കപ്പെടുന്നത്. ഈ ജാതികളില്‍ പെടുന്നവര്‍ക്ക് മാത്രമാണോ ബുദ്ധിയുള്ളത് ? നന്ദഗോപന്‍ വര്‍മ്മ എന്നതിന് പകരം കേളു പുലയനെന്തുകൊണ്ട് നരസിംഹത്തിലെ ഏത് കേസും വിജയിപ്പിക്കുന്ന വക്കീലായിക്കൂടാ ? അല്ലെങ്കില്‍ നാണു പാണന് എന്തുകൊണ്ട് ഏത് കേസും തെളിയിക്കുന്ന സിബിഐ ഓഫീസറായിക്കൂടാ ? ഉത്തരം വളരെ ലളിതമാണ്.

ലോകം കണ്ടതില്‍ വെച്ച് ഏറ്റവും പൈശാചികമായ ജാതി വ്യവസ്ഥ ഉപയോഗിച്ച് ബഹുഭൂരിപക്ഷം ജനങ്ങളെ ആയിരക്കണക്കിന് വര്‍ഷമായി സാമൂഹികമായും-സാമ്പത്തികമായും സാംസ്‌കാരികമായും അടിച്ചമര്‍ത്തി സവര്‍ണനുണ്ടാക്കിയെടുത്ത സാംസ്‌കാരിക മൂലധനവും അതിന്റെ അധീശത്വ പൊതുബോധവും മൂലം അവര്‍ണര്‍ക്കു വിപണിക്കു വേണ്ട ഗാംഭീര്യം തോന്നുകയില്ല. ഇനി, അങ്ങനെയൊരു കഥാപാത്രം രംഗത്ത് വന്നാല്‍ ഈ ജാതിബോധ വിപണിയില്‍ അത് വിറ്റഴിയാന്‍ പ്രയാസമായിരിക്കുകയും ചെയ്യും. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, സവര്‍ണ പൊതുബോധമാണ് മൂലധനം വഴി വിഷം കലര്‍ത്തി സിനിമയിലൂടെ പ്രചരിപ്പിക്കുന്നത്.

ഗാംഭീര്യം മാത്രമാണോ പ്രശ്നം ?

ഒരു സിനിമ കൂടി പരിശോധിക്കാം. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ലാല്‍ജോസ് സംവിധാനം ചെയ്തു ദിലീപ് നായകനായ 2000ല്‍ പുറത്തിറങ്ങിയ ”മീശമാധവന്‍” എന്ന സിനിമ സാമ്പത്തികമായി വലിയ നേട്ടം കൊയ്തു. നായകന്‍ ഒരു കള്ളനാണ്. പക്ഷെ, അതൊരു സാധാരണ കള്ളനല്ല. ഈ കള്ളന് ഒരു ജാതിയുണ്ട്. അസ്സല്‍ നായര്‍ തന്നെ. നിവൃത്തികേടു കൊണ്ടു മാത്രം കള്ളനായ ഈ നായര്‍ യുവാവ് മറ്റു സിനിമകളിലെ കള്ളന്‍മാരില്‍ നിന്ന് ഏറെ വ്യത്യസ്ഥനാണ്. മനസില്‍ നന്മയുള്ളവനാണ്, തറവാട്ടില്‍ പിറന്നവനാണ്, നന്നായി പഠിച്ചിരുന്ന ആളാണ്. ആരെയും ദേഹോപദ്രവം ഏല്‍പ്പിക്കില്ല, പലിശക്കാരന്റെ വീട്ടില്‍ കേറിയാലും പണയത്തിലിരിക്കുന്ന സ്വന്തം സ്ഥലത്തിന്റെ ആധാരം എടുക്കില്ല, നാട്ടുകാര്‍ക്ക് സഹായമുള്ളവനാണ്, മോഷ്ടിച്ച വസ്തുക്കളൊന്നും ഗ്രാമത്തിനു പുറത്തു കൊടുക്കില്ല, എന്നിങ്ങനെ പോകുന്നു ഗുണങ്ങളുടെ പട്ടിക.

അതീവ ക്രൂര സ്വഭാവമുള്ളവരായാണ് മറ്റു പല സിനിമകളിലും കള്ളന്‍മാരെ ചിത്രീകരിക്കാറ്. പഴയകാല സിനിമകളില്‍ ഭയം ജനിപ്പിക്കുന്ന രൂപത്തിലും അവതരിപ്പിക്കുമായിരുന്നു. ഇവരുടെ ജാതി എന്താണെന്ന് വ്യക്തമായി പറയില്ലെങ്കിലും ചുറ്റുപാടുകളിലൂടെ അത് വ്യക്തമാക്കും. പക്ഷെ, സവര്‍ണന് ലഭിച്ച ”നിവൃത്തിയില്ലായ്മയുടെ” പരിഗണന ഇവര്‍ക്ക് ലഭിക്കില്ല. സവര്‍ണന്‍ കള്ളനാവുകയാണെങ്കില്‍ അത് ജീവിത സാഹചര്യം മൂലമാണെന്നും അവര്‍ണന് ജന്മനാ മോഷണ സ്വഭാവമുണ്ടെന്നുമുള്ള സന്ദേശങ്ങള്‍ അതീവ സൂക്ഷമതയോടെ സമൂഹത്തിലേക്ക് കുത്തിവെക്കുന്നു. അത് കൊണ്ട് അവര്‍ണന്‍ സമൂഹത്തിന് ഭീഷണിയായി ഓര്‍മകളില്‍ തറഞ്ഞുനില്‍ക്കും.

സിനിമയെ സിനിമയായി മാത്രം കണ്ടാല്‍ മതിയില്ലേ സമൂഹവുമായി കൂട്ടിചേര്‍ത്തു കാണണോ എന്ന് ചോദിക്കുന്നവരില്‍ നിഷ്‌കളങ്കരും കൗശലക്കാരുമുണ്ട്. സവര്‍ണ പൊതുബോധത്തില്‍ കുടുങ്ങിയ നിഷ്‌കളങ്കര്‍ ആത്മാര്‍ത്ഥമായി തന്നെയാണ് ഇത് ചോദിക്കുന്നത്. പക്ഷെ, കൗശലക്കാരോ ?. ശ്രേണീബദ്ധമായ ജാതി വ്യവസ്ഥയുടെ സാമൂഹിക- സാമ്പത്തിക-സാംസ്‌കാരിക നേട്ടങ്ങളെല്ലാം സ്വന്തമാക്കുകയും അത് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരുമാണ് അവര്‍. എന്നിരുന്നാലും രണ്ടു കൂട്ടരുടെയും വാദങ്ങള്‍ വിശദമായി തന്നെ പരിശോധിക്കണം. വലതുപക്ഷം, ഇപ്പോള്‍ ഇടതുപക്ഷത്തില്‍ ഒരു വിഭാഗവും ഉയര്‍ത്തുന്ന സംവരണവിരുദ്ധ നിലപാടുകളെ അരക്കിട്ടുറപ്പിക്കുന്ന രീതിയിലുള്ള ഒരുപാട് സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

******************

അടുത്തിടെ സംവരണത്തെ സംബന്ധിച്ച് നടന്ന ഒരു ചര്‍ച്ചയില്‍ സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിച്ച ഒരാള്‍ ഉയര്‍ത്തിയത് 1988ല്‍ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ആര്യന്‍’ എന്ന സിനിമയുടെ കഥയാണെന്നത് ശ്രദ്ധേയമാണ്.

അതിലെ മോഹന്‍ലാല്‍ കഥാപാത്രം ഒരു നമ്പൂതിരി യുവാവാണ്. സവര്‍ണനായതു മൂലം പട്ടിണിയും പ്രാരാബ്ദ്ധവുമായി കഴിയുന്ന കുടുംബത്തിലെ ഒരാള്‍ അതില്‍ കീഴ്ജാതിക്കാരനായ ഒരാളോട് പറയുന്ന ഡയലോഗുണ്ട് ‘തനിക്കെന്നോടുള്ള വിദ്വേഷം എന്താണെന്നു എനിക്കറിയാം കീഴ്ജാതിക്കാരന്റെ അപകര്‍ഷത. ഒരു സവര്‍ണ സ്ത്രീ അറുപത് കഴിഞ്ഞു വൃദ്ധയാണെങ്കില്‍പോലും അവരെവരെ പകയോടെ പ്രാപിക്കാന്‍ പോകുന്ന നിന്റെയൊക്കെ മനസിലാടാ ജാതിയും, അയിത്തവും ‘

തകര്‍ന്നടിഞ്ഞ സവര്‍ണ കുടുംബത്തില്‍ നിന്ന് ആന പാപ്പാനായി മാറിയ മോഹന്‍ലാലും അവര്‍ണനായതിനാല്‍ സംവരണം മൂലം വനംവകുപ്പില്‍ ജോലി ലഭിച്ച മുകേഷുമുള്ള( 1986’ല്‍ ടി ദാമോദരന്‍ തിരക്കഥയെഴുതി അനില്‍ സംവിധാനം ചെയ്ത അടിവേരുകള്‍)സിനിമയും ശ്രദ്ധേയമാണ്. വളരെ കൃത്യമായി ആസൂത്രണം ചെയ്തെടുത്തതാണ് മേല്‍പ്പറഞ്ഞ സിനിമകളിലെ ഓരോ സംഭാഷണങ്ങളും. വെറുതെ പഞ്ചിന് എഴുതുന്നതല്ല.

മലയാളത്തിലും തമിഴിലും ഹിന്ദിയിലും നിരവധി ചിത്രങ്ങള്‍ ചെയ്ത പ്രിയദര്‍ശന്റെ നായകന്‍മാര്‍ പൊതുവില്‍ ഉന്നതകുല ജാതരാണ്. ജാതി നേരിട്ട് പറയാനായില്ലെങ്കില്‍ നായകന്റെ തറവാട്, ക്ഷയിച്ച തറവാട്, ഇല്ലം, സംവരണം മൂലം ജോലി നഷ്ടപ്പെട്ട ദുഖം എന്നിങ്ങനെയൊക്കെ ഒളിച്ചുകടത്തും. ഇത് കേവലം പ്രിയദര്‍ശന്റെ മാത്രം തന്ത്രമല്ല, പലരും ഇത് പ്രയോഗിക്കാറുണ്ട്.

അപകടം നിറഞ്ഞ മറ്റൊന്നാണ് മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ വിഷം വമിക്കുന്ന സംഭാഷണങ്ങള്‍ അടങ്ങിയ സിനിമകള്‍. സംഘ്പരിവാര പ്രസിദ്ധീകരണങ്ങളും പ്രചരണ സംവിധാനങ്ങളും ഉപയോഗിക്കുന്ന വര്‍ഗീയതയും ഹിന്ദുത്വദേശീയതയും അതേപടി പകര്‍ത്തി വെച്ച നിരവധി സിനിമകളുണ്ട്. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ജില്ല ബോംബിന്റെ കേന്ദ്രമാണെന്ന് പ്രചരിപ്പിക്കല്‍ മുതല്‍ പ്രവാസി മുസ്ലീംകളെയും മുസ്ലീംകളെ പൊതുവിലും സാംസ്‌കാരികമായ് അപമാനിക്കലും സിനിമയിലൂടെ നടക്കുന്നുണ്ട്.

സിനിമയിലൂടെയുള്ള നേരിട്ടുള്ള വിദ്വേഷ പ്രചരണത്തിന്റെ ഒരു ഉദാഹരണം നോക്കാം. ”മംഗലാപുരം മുതല്‍ പാറശാല വരെ കാറില്‍ സഞ്ചരിച്ചിട്ടുണ്ട് ഞാന്‍, റോഡിന്റെ ഇരുവശങ്ങളിലും കൊട്ടാരതുല്യമായ മണിമാളികകള്‍ കണ്ടു, കൂറ്റന്‍ ബഹുനിലകെട്ടിടങ്ങളും, വന്‍കിട വ്യവസായശാലകളും കണ്ടു. അവയിലൊന്നുപോലും ഒരു സവര്‍ണന്റേതായിരുന്നില്ല. ഒരു നമ്പൂതിരിയുടേതായിരുന്നില്ല. കള്ളപ്പണം കൊണ്ടും കുഴല്‍ പണമിടപാടുകള്‍കൊണ്ടും വാരിക്കൂട്ടിയ ന്യുനപക്ഷ സമുദായക്കാരന്റേതായിരുന്നു. ആ തൊഴില്‍ ചെയ്യാനും നമ്പൂതിരി പഠിച്ചില്ല. വനഭൂമി കൈയ്യേറി പട്ടയം വാങ്ങാനും, കഞ്ചാവും, റബ്ബറും വിളയുന്ന തോട്ടങ്ങള്‍ ഭൂപരിധിയില്‍ പെടുത്താനും, കള്ളനോട്ടടിക്കാനും നമ്പൂതിരിക്കിവിടെ സംഘടനാ സ്വാധീനമില്ല. അബ്കാരി കോണ്‍ട്രാക്ട് പിടിക്കാനും നിന്റെ വര്‍ഗം പഠിച്ചില്ലെടാ. കള്ളക്കടത്തും, കുഴല്‍പ്പണവും ആയുധമിടപാടും ചില പ്രത്യേക സമുദായക്കാര്‍ക്കു കുത്തകയാക്കാന്‍ വിട്ടു കൊടുക്കാതെ എന്റെ കൂടെ വരൂ. ദേവസ്വം ഭരിച്ചാല്‍ ദേവനെ പ്രീതിപ്പെടുത്തിയാല്‍ കിട്ടുന്ന പ്രതിഫലത്തേക്കാള്‍ കൂടുതല്‍ പ്രതിഫലം നിനക്കീ ദേവന്‍ തരും”

ടി ദാമോദരന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി അഭിനയിച്ച ‘മഹാത്മാ’ എന്ന സിനിമയിലെ സംഭാഷണമാണിത്. നായകനായ ദേവനെന്ന കഥാപാത്രം (സുരേഷ്ഗോപി) ദരിദ്രനായ നമ്പൂതിരി സമുദായത്തില്‍ പെട്ട കൂട്ടുകാരനായ ഹരിയോട് (ഗണേശ് കുമാര്‍) പറയുന്നതാണ് ഇത്. കടുത്ത മതന്യൂനപക്ഷ വിരുദ്ധതയാണ് ഈ സംഭാഷണത്തിന്റെ മുഖമുദ്ര. ന്യൂനപക്ഷങ്ങളെ എല്ലാതരത്തിലും ആക്രമിക്കുകയാണ് ഈ സംഭാഷണം. ന്യൂനപക്ഷ സമുദായങ്ങളില്‍ പെട്ടവരെല്ലാം മുകളില്‍ പറഞ്ഞ തൊഴിലാണ് എടുക്കുന്നതെന്നും തെറ്റായ വഴിയിലൂടെ സമ്പന്നരായെന്നുമാണ് പറഞ്ഞ് വെക്കുന്നത്. ഹിന്ദുവിന്റെ ദുരവസ്ഥക്ക് കാരണം ന്യൂനപക്ഷങ്ങളാണെന്നും രാഷ്ട്രീയ സംഘടനാ സ്വാധീനം വേണമെന്നും സംഘ്പരിവാര്‍ ഭാഷയില്‍ തന്നെ ദേവന്‍ പറയുന്നുണ്ട്.

ജാതി വിവേചനമുണ്ടായെന്ന് പറഞ്ഞാണ് രാമു കാര്യാട്ടിന്റെ പ്രശസ്തമായ ”ചെമ്മീന്‍” സിനിമയുടെ 50ാം വാര്‍ഷികത്തിനെതിരെ ധീവരവസഭ രംഗത്തു വന്നത്. മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയെന്നാണ് ധീവരസഭ ആരോപിക്കുന്നത്. ഇത് ശരിയാണെന്ന് സിനിമ കാണുന്നവര്‍ക്ക് മനസിലാവുകയും ചെയ്യും. ഈ സിനിമയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടി കടന്നുവരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നുണ്ട്.

സവര്‍ണ പൊതുബോധത്തിന്റെ നീരാളിക്കെകളില്‍ നിന്ന് മോചിതരാവാന്‍ സിനിമാ മേഖലക്കു മാത്രമായി കഴിയില്ലെന്ന് വ്യക്തമാണ്. സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും മുന്നില്‍ നില്‍ക്കുന്ന വിഭാഗങ്ങളില്‍ പെട്ടവരില്‍ നിന്നുണ്ടാവുന്ന സിനിമകളില്‍ ”സ്വാഭാവികമായി” തന്നെ അത്തരം ഘടകകളുണ്ടാവും.

അതിനെതിരായ സമരം സൂക്ഷമാര്‍ത്ഥത്തില്‍ ബോധപൂര്‍വ്വമായ ഒന്നായിരിക്കണം. സിനിമാ ലോകത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന് സമൂഹത്തില്‍ വലിയ പ്രാധാന്യമുണ്ട്. അതിനായുള്ള സമരങ്ങള്‍ സിനിമാ വ്യവസായത്തിന് അകത്തും പുറത്തും സാധ്യമായ എല്ലായിടത്തും എല്ലാ രൂപത്തിലും നടക്കേണ്ടതുണ്ട്. ഇത് ജാതി ഉന്മൂലനവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.

Exit mobile version