പാലഭിഷേകത്തിനിടെ വിശ്വാസത്തിന്റെ കട്ടൗട്ട് തകര്‍ന്നു വീണു; ‘തല’ ആരാധകര്‍ക്ക് പരിക്കേറ്റു

ചിത്രത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി അജിത്തിന്റെ കൂറ്റന്‍ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനായി കയറിയതായിരുന്നു ആരാധകര്‍

തല അജിത്തിന്റെ പുതിയ ചിത്രം വിശ്വാസത്തിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതിനിടയില്‍ കട്ടൗട്ട് തകര്‍ന്ന് വീണ് ആരാധകര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ തിരുകോവിലൂര്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. പൊങ്കല്‍ റിലീസായി ഇന്നലെ ആയിരുന്നു അജിത്തിന്റെ വിശ്വാസം തീയ്യേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി അജിത്തിന്റെ കൂറ്റന്‍ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനായി കയറിയതായിരുന്നു ആരാധകര്‍. ഇതിനിടെ മുള കൊണ്ട് കെട്ടിയുണ്ടാക്കിയ കട്ടൗട്ട് നിലത്തേക്ക് ചരിഞ്ഞ് വീഴുകയായിരുന്നു.

കാര്‍ത്തിക് സുബ്ബരാജ് രജനീകാന്തിനെ നായകനാക്കി ഒരുക്കിയ പേട്ടയ്‌ക്കൊപ്പമാണ് അജിത്തിന്റെ വിശ്വാസവും റിലീസായത്. അതിനിടെ വ്യാഴാഴ്ച്ച വെല്ലൂരില്‍ രണ്ട് അജിത്ത് ആരാധകര്‍ക്ക് കുത്തേറ്റിരുന്നു. ചിത്രം കാണാന്‍ തീയേറ്ററിലെത്തിയവര്‍ തമ്മില്‍ സീറ്റിന്റെ കാര്യത്തിലുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കത്തിക്കുത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Exit mobile version