‘പുലിവാല്‍ പിടിക്കാന്‍ വയ്യ; സഹസംവിധായകരായി പുതിയ പെണ്‍കുട്ടികള്‍ വരുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാറുണ്ടെന്ന്’ ലാല്‍ജോസ്

ഇപ്പോഴിതാ മീടൂ ആരോപണങ്ങള്‍ ആഞ്ഞടിച്ചതില്‍ പിന്നെ തന്റെ സിനിമകളില്‍ സഹസംവിധായകരായി പുതിയ പെണ്‍കുട്ടികള്‍ വരുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാറുണ്ടെന്ന് സംവിധായകന്‍ ലാല്‍ജോസ് വെളിപ്പെടുത്തുന്നു.

മലയാള സിനിമയില്‍ അടക്കം മീടൂ ആരോപണങ്ങള്‍ വലിയ കോലാഹലങ്ങളാണ് സൃഷ്ടിക്കുന്നത്. മീടൂ ആരോപണവുമായി സംവിധായകര്‍ക്കും നടന്മാര്‍ക്കുമെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.

ഇപ്പോഴിതാ മീടൂ ആരോപണങ്ങള്‍ ആഞ്ഞടിച്ചതില്‍ പിന്നെ തന്റെ സിനിമകളില്‍ സഹസംവിധായകരായി പുതിയ പെണ്‍കുട്ടികള്‍ വരുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാറുണ്ടെന്ന് സംവിധായകന്‍ ലാല്‍ജോസ് വെളിപ്പെടുത്തുന്നു.

ജമേഷ് കോട്ടക്കല്‍ അവതരിപ്പിക്കുന്ന ജമേഷ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇരുപതു വര്‍ഷം മുമ്പ് ഒരാള്‍ എന്നോട് മോശമായി പെരുമാറിയെന്ന് ഇപ്പോള്‍ ജീവിതത്തില്‍ മറ്റൊരു സാഹചര്യത്തിലെത്തി നില്‍ക്കുന്ന ഒരു വ്യക്തി പറയുന്നു. അതിന്റെ ആവശ്യകതയെന്തെന്നാണ് സംശയം. ചിലത് വാസ്തവവും ചിലത് വ്യാജവുമാകാം. ന്യൂ ഡല്‍ഹിയിലെ തിരക്കുള്ള ഒരു മലയാളി പരസ്യ സംവിധായകനെതിരേ കടുത്ത ആരോപണങ്ങളുണ്ടായി. അത് ഏറ്റെടുത്തത് ഒരു വനിതാ പ്രവര്‍ത്തകയും. അദ്ദേഹത്തിന്റെ കുടുംബത്തെയടക്കം അപമാനിക്കുന്ന രീതിയില്‍ വാര്‍ത്തകളും ചര്‍ച്ചകളുമുണ്ടായി. എന്നാലിപ്പോള്‍ ആ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ നുണപ്രചരണം നടത്തിയതാണെന്ന് ആ വനിതാ പ്രവര്‍ത്തക തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നു.

പരസ്പരവിരുദ്ധമായ, വാസ്തവമില്ലാത്ത കാര്യങ്ങളാണെന്ന് തെളിയുകയും ചെയ്തു. ഇരുപതു വര്‍ഷം മുമ്പ് ജോലിസ്ഥലത്തെ ക്യാബിനില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് സംവിധായകനെതിരേ ഉന്നയിച്ച പരാതി. എന്നാല്‍ അന്ന് ക്യാബിനുകളില്ലായിരുന്നുവെന്നും എല്ലാവരും ഒന്നിച്ചായിരുന്നു ജോലി ചെയ്തിരുന്നതെന്നും സംവിധായകനും വെളിപ്പെടുത്തി.

അതോടെ ആ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു. പത്തു വര്‍ഷം മുമ്പ് എന്റെ സിനിമയില്‍ എന്നോടൊപ്പം മൂന്ന് വനിതാ സഹസംവിധായകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ കുക്കു പരമേശ്വരന്‍, സമീറ സനീഷ് തുടങ്ങിയവര്‍ എന്റെ സിനിമകള്‍ക്കായി വസ്ത്രാലങ്കാരം ചെയ്യുന്നുണ്ട്. അവരൊന്നും ഇത്തരത്തിലുള്ള പരാതിയുമായി എത്തിയിട്ടില്ല. എന്നാല്‍, സിനിമകളില്‍ സഹസംവിധായകരായി പുതിയ പെണ്‍കുട്ടികള്‍ വരുമ്പോള്‍ ഞാന്‍ ഇപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാറുണ്ട്. പുലിവാല്‍ പിടിക്കുമോ എന്ന് പേടിക്കാറുണ്ട്. ഭയം നല്ലതിനാണോ എന്നറിയില്ല.

സിനിമ ചെയ്യുമ്പോള്‍ നമ്മുടെ മനോവ്യാപാരം പലതാവും. പല അവസരങ്ങളിലും അസിസ്റ്റന്റുമാരെ വഴക്കു പറയേണ്ടിയും ചീത്ത വിളിക്കേണ്ടിയുമൊക്ക വരും. അപ്പോഴൊക്കെ ആണ്‍കുട്ടികളോട് പെരുമാറുന്നതു പോലെ തന്നെ പെണ്‍കുട്ടികളോടും പല കാര്യങ്ങളും തുറന്നു സംസാരിക്കേണ്ടി വരും. അതിനെയൊക്കെ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ എങ്ങനെ എടുക്കും എന്ന ഭയം ഇപ്പോഴുണ്ടാകാറുണ്ട്. ആ ഭയം നല്ലതിനാണോ എന്നത് വേറെ വിഷയമാണ്.

നമ്മോടൊപ്പം ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടി ഒരു ദിവസം സെറ്റിലെ ആളുകളെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന പോലെ സംസാരിച്ചു കൊണ്ടു ഒരു സംഭവമുണ്ടായാല്‍ അതിലൂടെ അവസരങ്ങള്‍ക്കായി കാത്തുനില്‍ക്കുന്ന പുതിയ ആളുകള്‍ക്ക് അവിടെ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ട്. പുലിവാല്‍ പിടിക്കുന്ന പണിക്ക് പോണോ എന്നുവരെ ചിന്തിച്ചു പിന്‍മാറുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Exit mobile version