പൊതുവേദിയിൽ ആരാധകന്റെ കാലുപിടിച്ച് ബോളിവുഡ് താരം ഹൃത്വിക് റോഷൻ

മുംബൈ: ബോളിവുഡ് താരം ഹൃത്വിക് റോഷൻ വൻ ആരാധകരുള്ള താരമാണ് . സൗന്ദര്യം കൊണ്ടുമാത്രമല്ല ലാളിത്യം കൊണ്ടുകൂടിയാണ് താരം ഇത്രയും ആരാധകഹൃദയം കവർന്നിട്ടുള്ളത്.ഹൃത്വിക്കിന്റെ വിനയവും ലാളിത്യവും വ്യക്തമാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെയാണ് വേദിയിലെത്തി തന്റെ കാലിൽ തൊട്ടുവന്ദിച്ച ആരാധകനെയും കണ്ടുനിന്നവരെയുമെല്ലാം ഒരുപോലെ ഹൃത്വിക് ഞെട്ടിച്ചത്. അപ്രതീക്ഷിതമായി ആരാധകന്റെയും കാലിൽ തൊട്ട് തിരിച്ചും അനുഗ്രഹം തേടുകയായിരുന്നു താരം.

ഒരു ഫിറ്റ്നെസ് ബ്രാൻഡ് സംഘടിപ്പിച്ച ചടങ്ങിൽ അതിഥിയായി എത്തിയതായിരുന്നു ഹൃത്വിക്. പരിപാടിക്കിടെ ആരാധകരെ ഉപഹാരം സ്വീകരിക്കാൻ വിളിച്ചപ്പോഴായിരുന്നു സംഭവം. സ്റ്റേജിലെത്തിയ ആരാധകൻ ഹൃത്വിക്കിന്റെ കാലിൽ തൊട്ടുവന്ദിച്ചു. തൊട്ടുപിന്നാലെ തന്നെ ആരും പ്രതീക്ഷിക്കാതെ താരം ആരാധകന്റെ കാലിൽ തൊടുകയായിരുന്നു.

വിക്രം വേദയാണ് ഹൃത്വിക്കിന്റെ ഉടൻ റിലീസാകാനിരിക്കുന്ന ചിത്രം. സൈഫ് അലി ഖാനും രാധികാ ആപ്തേയും വിവിധ വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിനു പിന്നാലെ ആരാധകർ വൻ കാത്തിരിപ്പിലാണ്.

Exit mobile version