പാര്‍കൗര്‍ പ്രകടനത്തിന് ശേഷം സര്‍ഫിങ് ബോര്‍ഡുമായി പ്രണവ്; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ എത്തി

ചിത്രത്തിനു വേണ്ടി പ്രണവ് ബാലിയില്‍ പോയി സര്‍ഫിങ്ങില്‍ പരിശീലനം നേടിയിരുന്നു

ജിത്തു ജോസഫ് ചിത്രം ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രണവ് തന്നെയാണ് സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

ആദ്യ ചിത്രത്തിലെ പാര്‍കൗര്‍ പ്രകടനത്തിന് ശേഷം പ്രേക്ഷകരെ ആവേശത്തിലാക്കാന്‍ സര്‍ഫിങുമായാണ് താരമെത്തുന്നത്. ചിത്രത്തിനു വേണ്ടി പ്രണവ് ബാലിയില്‍ പോയി സര്‍ഫിങ്ങില്‍ പരിശീലനം നേടിയിരുന്നു. സര്‍ഫിങ് ബോര്‍ഡ് പിടിച്ച് കടലിലേക്ക് നോക്കി നില്‍ക്കുന്ന പ്രണവാണ് ചിത്രത്തിന്റെ പോസ്റ്ററില്‍. പുതുമുഖ താരം റേച്ചലാണ് ചിത്രത്തിലെ നായിക. ഗോകുല്‍ സുരേഷ്, കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്‍, സുരേഷ് കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

അരുണ്‍ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്

Exit mobile version