മറ്റ് ബന്ധങ്ങൾ, ഗർഭച്ഛിദ്രം നടത്തിയവൾ’തനിക്കെതിരായ പ്രചാരണങ്ങൾക്ക് മറുപടിയുമായി സാമന്ത

തന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങൾ നിർത്തണമെന്ന് തെന്നിന്ത്യൻ താരം സാമന്ത. സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹ മോചനം പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഈ വിഷയത്തിൽ സാമന്തയുടെ പ്രതികരണം.

വിവാഹ മോചനത്തിന് ശേഷം തനിക്ക് ലഭിച്ച പിന്തുണയെ അഭിനന്ദിച്ച സാമന്ത, തന്റെ വിവാഹ മോചനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് സ്ഥിരീകരിക്കാത്തതും അടിസ്ഥാനരഹിതവുമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവരെ വിമർശിക്കുകയും ചെയ്തു.

‘വ്യക്തിപരമായ വിഷമഘട്ടത്തിൽ നിങ്ങൾ വൈകാരികമായി ഒപ്പം നിന്നത് എന്നെ ഏറെ സ്വാധീനിച്ചു. അനുതാപവും കരുതലും കാണിച്ചതിനും തെറ്റായ പ്രചാരണങ്ങൾക്കെതിരെ എനിക്കൊപ്പം നിന്നതിനും എല്ലാവർക്കും നന്ദി. എനിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അവർ പറയുന്നത്. എനിക്ക് കുട്ടികളെ ആവശ്യമില്ലായിരുന്നുവെന്നും ഞാനൊരു അവസരവാദിയാണെന്നും പറയുന്നു. ഞാൻ ഗർഭച്ഛിദ്രം നടത്തിയെന്നും ആരോപിക്കുന്നു.വിവാഹമോചനം എന്നത് വേദനയേറിയ ഒരു നടപടിയാണ്. മുറിവുണക്കാൻ എനിക്കൽപ്പം സമയം നൽകൂ. എനിക്കു നേരെയുള്ള വ്യക്തിപരമായ ആക്രമണം നേരത്തേയുള്ളതാണ്. പക്ഷേ ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു, ഇതോ ഇനി അവർ പറയാനിരിക്കുന്ന മറ്റ് കാര്യങ്ങളോ എന്നെ തകർക്കില്ല’. ഒരുപാട് ആലോചിച്ചാണ് വിവാഹമോചനമെന്ന തീരുമാനത്തിൽ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നിത്യചൈതന്യയും നേരത്തെ അഭ്യർഥിച്ചിരുന്നു. ‘ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്. അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു. ഞങ്ങൾക്കിടയിൽ എല്ലായ്‌പ്പോഴും ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരും അഭ്യുദയകാംക്ഷികളും മാധ്യമങ്ങളും ഈ പ്രയാസമേറിയ ഘട്ടത്തിൽ പിന്തുണയ്ക്കണം. മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകണമെന്ന് അഭ്യർത്ഥിക്കുന്നു’ എന്നാണ് ഇരുവരും ഒരുമിച്ച് ആവശ്യപ്പെട്ടത്.

അക്കിനേനി എന്ന നാഗചൈതന്യയുടെ കുടുംബപ്പേര് സാമന്ത സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് ഉപേക്ഷിച്ചതുമുതൽ ഇരുവരും വേർപിരിഞ്ഞതായി ഊഹാപോഹങ്ങൾ ശക്തമായിരുന്നു.2017 ഒക്ടോബറിൽ വിവാഹിതരായ സാമന്തയും നാഗചൈതന്യയും നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വേർപിരിയുകയാണെന്ന് അറിയിച്ചത്.

Exit mobile version