എന്തുകൊണ്ട് ‘ഞാന്‍ പ്രകാശന്’ അമിത പബ്ലിസിറ്റി കൊടുത്തില്ല? പ്രതികരിച്ച് സത്യന്‍ അന്തിക്കാട്

തീയ്യേറ്ററില്‍ എത്തുന്നതിന് മുന്‍പ് സിനിമയെക്കുറിച്ച് അമിത പ്രതീക്ഷ നല്‍കി ഒടുവില്‍ പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടമായില്ലെങ്കില്‍ സിനിമയോടും പ്രേക്ഷകനോടും കാണിക്കുന്ന നീതികേടായിപ്പോകുമെന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്

ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയ്യേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് വലിയ പബ്ലിസിറ്റിയൊന്നുമില്ലാതെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. പബ്ലിസിറ്റി കൊടുത്ത് തീയ്യേറ്ററില്‍ എത്തിയ ചിത്രങ്ങളേക്കാള്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ഞാന്‍ പ്രകാശന് ലഭിക്കുന്നത്. നീണ്ട ഒരിടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമായിട്ടും വലിയ പ്രചാരണങ്ങളൊന്നും നല്‍കാത്തതിനെ കുറിച്ച് സത്യന്‍ അന്തിക്കാട് തന്നെ പ്രതികരിച്ചു.

തീയ്യേറ്ററില്‍ എത്തുന്നതിന് മുന്‍പ് സിനിമയെക്കുറിച്ച് അമിത പ്രതീക്ഷ നല്‍കി ഒടുവില്‍ പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടമായില്ലെങ്കില്‍ സിനിമയോടും പ്രേക്ഷകനോടും കാണിക്കുന്ന നീതികേടായിപ്പോകുമെന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്. മലയാളത്തിലെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് ഇക്കാര്യം പറഞ്ഞത്.

‘പതിനാറ് വര്‍ഷങ്ങളള്‍ക്ക് ശേഷം ഞാനും ശ്രീനിയും ഒന്നിക്കുന്ന ചിത്രമാണിത്. എന്നും സംവിധായകനെക്കാളും തിരക്കഥാകൃത്തിനേക്കാളും മുകളിലാണ് പ്രേക്ഷകന്റെ സ്ഥാനം. അവര്‍ക്ക് ഇഷ്ടമായിക്കോളും എന്ന് കരുതി, എന്തെങ്കിലും കൊടുക്കാന്‍ പറ്റില്ല. ഹിറ്റായ കൂട്ടുകെട്ട് എപ്പോഴും കൂടിചേര്‍ന്നാല്‍ അടുത്തത് ഹിറ്റാകണമെന്ന് നിര്‍ബന്ധമില്ല. സിനിമ, പ്രേക്ഷകന്‍ കണ്ടിട്ട് അവരാണ് വിധിയെഴുതേണ്ടത്. ഞാന്‍ പ്രകാശനെക്കുറിച്ച് പ്രേക്ഷകര്‍ നല്ല അഭിപ്രായങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്’- സത്യന്‍ അന്തിക്കാട് പറയുന്നു.

നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. ശ്രീനിവാസന്‍, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Exit mobile version