‘പുലര്‍ച്ചെ പുള്ളിലെ വീട്ടില്‍ ടിവിക്ക് മുന്നിലിരിക്കുമ്പോള്‍ അടുത്തുള്ള ഒഴിഞ്ഞ കസേര എന്നെ സങ്കടപ്പെടുത്തി’ മഞ്ജു വാര്യര്‍

Manju Warrier | Bignewslive

പുലര്‍ച്ചെ പുള്ളിലെ വീട്ടില്‍ ടി.വി.ക്ക് മുന്നിലിരിക്കുമ്പോള്‍ അടുത്തുള്ള ഒഴിഞ്ഞ കസേര എന്നെ സങ്കടപ്പെടുത്തി. അവിടെ അച്ഛനുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതേ ആഗ്രഹിച്ചുവെന്ന് മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. ഞാന്‍ അച്ഛനൊന്നിച്ച് കളി കണ്ട കുട്ടിക്കാലത്തേക്ക് സഞ്ചരിച്ചു. അച്ഛനാണ് എനിക്ക് ആദ്യമായി കാല്‍പ്പന്ത് കളിയെക്കുറിച്ച് പറഞ്ഞുതന്നതെന്ന് താരം പറയുന്നു.

മഞ്ജു വാര്യരുടെ വാക്കുകള്‍;

ഞായറാഴ്ച പുലര്‍ച്ചെ പുള്ളിലെ വീട്ടില്‍ ടി.വി.ക്ക് മുന്നിലിരിക്കുമ്പോള്‍ അടുത്തുള്ള ഒഴിഞ്ഞ കസേര എന്നെ സങ്കടപ്പെടുത്തി. അവിടെ അച്ഛനുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതേ ആഗ്രഹിച്ചു. ഞാന്‍ അച്ഛനൊന്നിച്ച് കളി കണ്ട കുട്ടിക്കാലത്തേക്ക് സഞ്ചരിച്ചു. അച്ഛനാണ് എനിക്ക് ആദ്യമായി കാല്‍പ്പന്ത് കളിയെക്കുറിച്ച് പറഞ്ഞുതന്നത്. ലോകകപ്പ് വരുമ്പോള്‍ ടി.വി.യില്‍ കളി കാണാന്‍ അച്ഛന്‍ എന്നെയും ഒപ്പംകൂട്ടി. അച്ഛന് എല്ലാ ടീമുകളോടും കളിക്കാരോടും ആരാധനയായിരുന്നു. ബ്രസീലിനെയും അര്‍ജന്റീനയെയും ഒരുപോലെ സ്നേഹിച്ചയാള്‍. അതുകൊണ്ട് ‘വാമോസ് അര്‍ജന്റീന’യെന്നും ‘വിവാ ബ്രസീല്‍…’ എന്നും ഒരുപോലെ വിളിക്കാന്‍ ഞാനും ശീലിച്ചു.

ഫുട്‌ബോളിലെ എല്ലാ കളികളും കുത്തിയിരുന്ന് കാണുന്ന പതിവില്ല. പക്ഷേ, സ്വപ്നക്കോപ്പ കാണാതിരിക്കുവതെങ്ങനെ? അതുകൊണ്ട് ഞായറാഴ്ച രാവിലെ അഞ്ചുമണിക്ക് അലാറംവെച്ചുണര്‍ന്ന് ടി.വിക്ക് മുന്നിലെത്തി. മറ്റുകളികളില്‍ നിന്ന് ഫുട്‌ബോളിനെ വേറിട്ടുനിര്‍ത്തുന്ന പ്രധാനഘടകങ്ങളിലൊന്ന് ഗാലറിയിലെ ആരവമാണ് എന്നാണ് എന്റെ തോന്നല്‍. പന്തിന്റെ ചലനത്തിനൊപ്പം സിംഫണിയിലെന്നപോലെ കേള്‍ക്കാനാകുന്ന ശബ്ദസാഗരത്തിരയടി. ഫൈനല്‍വിസില്‍ വരെയും അത് പ്രാര്‍ഥനപോലെ മുഴങ്ങിക്കൊണ്ടേയിരിക്കും.

ഒരു മഹായുദ്ധത്തിന്റെ എല്ലാ വാശിയുമുണ്ടായിരുന്നു മാരക്കാനയിലെ അര്‍ജന്റീന-ബ്രസീല്‍ ഫൈനലിന്. ഇരു ടീമുകളും ഓരോ ഗോളടിക്കുമെന്നും മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോകുമെന്നുമായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ, ഡി മരിയയുടെ പേരിനു മുന്നിലുള്ള മാലാഖയെന്ന വാക്ക് കാവല്‍സാന്നിധ്യമായപ്പോള്‍ മെസ്സി ആദ്യമായി കോപ്പയെ ചുംബിച്ചു. മെസ്സിയെ ടീമംഗങ്ങള്‍ ആകാശത്തേക്ക് എടുത്തുയര്‍ത്തിയപ്പോള്‍ നീലവാനച്ചോലയില്‍ എന്ന പാട്ടാണ് മനസ്സിലെത്തിയത്.

നെയ്മറുടെ കരച്ചില്‍ എന്നെയും വേദനിപ്പിച്ചു. പക്ഷേ, മെസ്സി ചേര്‍ത്തുപിടിക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി. ഇത്തരം നിമിഷങ്ങളാണ് ഫുട്‌ബോളിന്റെ മനോഹാരിത. ഈ വരികള്‍ കുറിക്കുമ്പോള്‍ യൂറോ കപ്പിന്റെ അവകാശികളാരെന്ന് അറിയാനുള്ള പോരാട്ടത്തിലേക്ക് ഏതാനും മണിക്കൂറുകള്‍ മാത്രം. ഇത് അച്ചടിമഷി പുരണ്ട് നിങ്ങളുടെ കൈകളിലെത്തുമ്പോള്‍ ഇംഗ്ലണ്ടോ ഇറ്റലിയോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടുണ്ടാകും.

Exit mobile version