‘പണ്ട് കുട്ടിക്കാലത്ത് പറയാറുണ്ട്, വാപ്പ ഞങ്ങളെ കല്യാണത്തിന് വിളിച്ചില്ലല്ലോ എന്ന്, അത് ഇപ്പോള്‍ ശരിക്കും സംഭവിച്ചു’; അച്ഛന്റെ കല്യാണ വിശേഷങ്ങള്‍ പങ്കുവച്ച് അനാര്‍ക്കലി

anarkkali marakkar | bignewslive

കഴിഞ്ഞ ദിവസമാണ് നടി അനാര്‍ക്കലി മരിക്കാറിന്റെ പിതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ നിയാസ് മരക്കാര്‍ പുനര്‍വിവാഹിതനായത്. വാപ്പയുടെ നിക്കാഹിന്റെ ചിത്രങ്ങള്‍ അനാര്‍ക്കലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ വാര്‍ത്ത വൈറലായി മാറിയിരുന്നു.കണ്ണൂര്‍ സ്വദേശിനിയെയാണ് നിയാസ് മരക്കാര്‍ വിവാഹം കഴിച്ചിരിക്കുന്നത്.

അനാര്‍ക്കലിയും ചേച്ചി ലക്ഷ്മിയും കണ്ണൂരില്‍ നടന്ന വിവാഹത്തിലും പങ്കെടുത്തിരുന്നു. നടി ലാലി പിഎമ്മുമായിട്ടുള്ള വിവാഹ മോചനത്തിന് ശേഷമാണ് നിയാസ് രണ്ടാം വിവാഹം കഴിച്ചത്. വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ ആശംസകള്‍ അറിയിച്ചും , നിരവധി ചോദ്യങ്ങള്‍ ചോദിച്ചും ആരാധകര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വാപ്പയുടെ വിവാഹവിശേഷങ്ങള്‍ പങ്കുവച്ചും അതേതുടര്‍ന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞ് അനാര്‍ക്കലി തന്നെ രംഗത്തുവന്നിരിക്കുകയാണ്.

‘ഞാന്‍ ഇന്നലെ സമൂഹമാധ്യമത്തില്‍ സ്റ്റോറി പങ്കുവച്ചിരുന്നു. എന്റെ വാപ്പയുടെ വിവാഹം. അതുകഴിഞ്ഞ് ഒരുപാട് പേര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇതൊരു സാധാരണകാര്യമായാണ് എനിക്ക് തോന്നിയത്. ഞാന്‍ സന്തോഷവതിയാണ്. കുറേപേര്‍ എന്നോട് ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.’അനാര്‍ക്കലി പറയുന്നു.

‘ഞാന്‍ ഇതിനെക്കുറിച്ച് നേരത്തെ സംസാരിച്ചിരുന്നില്ല. എന്റെ മാതാപിതാക്കള്‍ക്ക് എന്ത് സംഭവിച്ചുവെന്നും പറഞ്ഞിരുന്നില്ല. എന്റെ ഉമ്മയും വാപ്പയും ഒരുവര്‍ഷമായി പിരിഞ്ഞു താമസിക്കുകയാണ്. 30 വര്‍ഷത്തെ വിവാഹജീവിതത്തിനു ശേഷമാണ് ഇവര്‍ പിരിഞ്ഞത്. കഴിഞ്ഞ ഒരുവര്‍ഷമായി വാപ്പ ഒറ്റയ്ക്കാണ്. വാപ്പയെ ഇനിയിമൊരു വിവാഹം കഴിപ്പിക്കണം എന്ന് ഞാനും ചേച്ചിയും ചിന്തിച്ചിരുന്നു.’

‘അവസാനം വാപ്പ തന്നെ ഒരാളെ കണ്ടെത്തി. നിയമപരമായി വിവാഹമോചിതനായതിനു ശേഷമാണ് വാപ്പ വേറെ വിവാഹം കഴിച്ചത്. ഇതില്‍ പ്രധാനകാര്യമെന്തെന്നുവച്ചാല്‍ ഈ വാര്‍ത്ത വന്ന ശേഷം എന്റെ ഉമ്മയെ വിളിച്ച് കുറേപേര്‍ ആശ്വസിപ്പിക്കാന്‍ നോക്കി. ബന്ധുക്കള്‍ക്കിടയില്‍ ചെറിയ അസ്വസ്ഥതകളുണ്ട്. ഞാന്‍ ഉമ്മായെ പിരിഞ്ഞു പോയി എന്ന തരത്തിലാണ് അവരൊക്കെ സംസാരിക്കുന്നത്.’

‘എന്റെ അമ്മയെ നിങ്ങള്‍ കുറേപേര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. സൂപ്പര്‍ കൂള്‍ അമ്മയാണ് അവര്‍. വാപ്പ വേറെ വിവാഹം കഴിച്ചു എന്ന പേരില്‍ ഉമ്മ തകര്‍ന്നുപോകില്ല, വിഷമിക്കുകയുമില്ല. ഡിവോര്‍സ് ആകാന്‍ ഉമ്മയ്ക്ക് ഉമ്മയുടേതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒറ്റയ്ക്കുള്ള ജീവിതം സന്തോഷത്തോടെ തന്നെ ഉമ്മ മുന്നോട്ടുകൊണ്ടുപോകുന്നു. വാപ്പയ്ക്ക് ഒരു കൂട്ടുവേണമെന്ന് തോന്നിയിട്ടാണ് അദ്ദേഹം വേറൊരാളെ കണ്ടെത്തിയത്. അത് ഓരോരുത്തരുടെ ചോയ്‌സ് ആണ്.’

‘എനിക്ക് ഓര്‍മ വരുന്ന കാലം മുതല്‍ ഉമ്മ വളരെ തുറന്നുചിന്തിക്കുന്ന ആളാണ്. ആ ലാളനയുടെയും ശിക്ഷണത്തിന്റെയും ഫലമായാണ് ഞങ്ങള്‍ ഇന്നലെ ആ ചടങ്ങ് കൂടിയത്. ഞങ്ങള്‍ക്കതൊരു സാധാരണ കാര്യമായിരുന്നു. കാരണം വാപ്പ ഒറ്റയ്ക്കാണ്. വാപ്പയ്‌ക്കൊരു കൂട്ട് വേണമായിരുന്നു. കൊച്ചുമ്മയെ വളരെ സന്തോഷത്തോടെയാണ് ഞങ്ങള്‍ സ്വീകരിച്ചത്.’

‘വാപ്പ വേറെ വിവാഹം കഴിക്കരുത്, വേറൊരു സ്ത്രീ വരരുത്, എന്നൊക്കെ ചിന്തിക്കുന്നത് സെല്‍ഫിഷ് ആയ കാര്യമാണ്. പണ്ട് കുട്ടിക്കാലത്ത് പറയാറുണ്ട്, വാപ്പ ഞങ്ങളെ കല്യാണത്തിന് വിളിച്ചില്ലല്ലോ എന്ന്. അത് ശരിക്കും സംഭവിച്ചു.’ എന്റെ ഉമ്മയ്ക്ക് ഇക്കാര്യത്തില്‍ യാതൊരു വിഷമവുമില്ല. വാപ്പ വേറെ വിവാഹം കഴിക്കണമെന്നു തന്നെയായിരുന്നു ഉമ്മയുടെയും ആഗ്രഹം. 30 വര്‍ഷം ഒരുമിച്ച് ജീവിച്ചതിന്റെ സ്‌നേഹം ഉമ്മയ്ക്ക് വാപ്പയോട് എന്നും ഉണ്ട്. വാപ്പ ജീവിതം ഒറ്റയ്ക്ക് കൊണ്ടുപോകരുത് എന്ന ആഗ്രഹം ഉമ്മയ്ക്ക് ഉണ്ടായിരുന്നു. ഇനി എപ്പോഴെങ്കിലും ഉമ്മയ്ക്ക് ഒരു കൂട്ടുവേണമെന്ന് തോന്നിയാല്‍ വിവാഹം കഴിക്കും.’അനാര്‍ക്കലി പറഞ്ഞു.

Exit mobile version