രോഗം ഭേദമായിട്ടും ആരോഗ്യപ്രശ്‌നങ്ങള്‍ അനവധി, കൊവിഡ് വെറും ജലദോഷപ്പനിയല്ലെന്ന് നടി കങ്കണ റണാവത്ത്; വിവാദ പ്രസ്താവനയില്‍ നിന്ന് ഉള്‍വലിഞ്ഞ് താരം

Kangana Ranaut | Bignewslive

ന്യൂഡല്‍ഹി: കൊവിഡ് വെറും ജലദോഷപ്പനിയാണെന്ന വിവാദ പ്രസ്താവനയില്‍ നിന്ന് ഉള്‍വലിഞ്ഞ് ബോളിവുഡ് നടി കങ്കണ റണാവത്ത്. കൊവിഡ് ആദ്യം ഒരു ജലദോഷപ്പനിയായിട്ടാണ് തനിക്ക് അനുഭവപ്പെട്ടതെന്നും രോഗം ഭേദമായതിന് ശേഷം നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും കങ്കണ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് കങ്കണ പ്രസ്താവന തിരുത്തി രംഗത്തെത്തിയത്.

ജലദോഷപ്പനി പോലെയാണ് കൊവിഡ് തനിക്ക് അനുഭവപ്പെട്ടതെന്നും എന്നാല്‍ രോഗം ഭേദമാകുന്ന സമയത്ത് ഇതുവരെ അനുഭവിക്കാത്തതൊക്കെ തനിക്ക് വന്നുവെന്നും കങ്കണ പറയുന്നു. കൊവിഡിന്റെ കാര്യത്തില്‍ രോഗമുക്തിയ്ക്ക് ശേഷമാണ് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നമ്മളെ തേടിവരികയെന്നും അങ്ങനെയാണ് തനിക്കനുഭവപ്പെട്ടതെന്നും കങ്കണ വീഡിയോയില്‍ പറഞ്ഞു.

കങ്കണയുടെ വാക്കുകള്‍;

കൊവിഡ് രോഗം ഭേദമായതിനെക്കുറിച്ച് സംസാരിക്കാനാണ് ഞാന്‍ ഇന്ന് നിങ്ങള്‍ക്കു മുന്നില്‍ എത്തിയത്. ഒരു ജലദോഷപ്പനി. അതാണ് കൊറോണ എന്നായിരുന്നു എനിക്ക് തോന്നിയത്. എന്നാല്‍ രോഗം ഭേദമാകുന്ന ഘട്ടത്തില്‍ എനിക്കുണ്ടായ അനുഭവങ്ങള്‍ ആ ധാരണ തിരുത്തി. ഇതിനു മുമ്പ് സംഭവിക്കാത്ത പലതും എന്റെ ശരീരത്തെ ബാധിച്ചു.

എന്തെങ്കിലും രോഗം നമ്മുടെ ശരീരത്തെ ബാധിച്ചാല്‍ അവയ്ക്കൊക്കെ രോഗമുക്തി വളരെ എളുപ്പം സാധിക്കുമെന്നും എന്നാല്‍ കൊറോണയുടെ കാര്യത്തില്‍ നേരെ തിരിച്ചാണ് നടക്കുന്നത്. രോഗം ഭേദമായി എന്ന് വൈറസ് നമ്മുടെ ശരീരത്തെ പറഞ്ഞു വിശ്വസിപ്പിക്കും. ആ ബോധത്തോടെ നമ്മള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കഠിനമായ ക്ഷീണവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. എനിക്കും ഇത് സംഭവിച്ചു. രോഗം ഭേദമായ ശേഷവും ജലദോഷവും പനിയും തൊണ്ട വേദനയും വന്നിരുന്നു. രണ്ടു മൂന്നു തവണ ഇതാവര്‍ത്തിക്കുകയും ചെയ്തു. രോഗം ഭേദമാകുന്ന സമയം ഏറെ ശ്രദ്ധിക്കണം വൈറസ് ശരീരത്തെ തളര്‍ത്തുന്ന സമയമാണ്.

Exit mobile version