‘ഉമ്മ’യുണ്ടായിട്ടും ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ്; സന്തോഷം പങ്കുവെച്ച് ടൊവീനോ തോമസ്

പുതിയ ചിത്രം 'എന്റെ ഉമ്മാന്റെ പേര്' എന്ന ചിത്രത്തിനാണ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ലഭിച്ചിരിക്കുന്നത്

കാലങ്ങള്‍ക്ക് ശേഷം തന്റെ ചിത്രത്തിന് ‘യു’ സര്‍ട്ടിഫിക്കറ്റ് കിട്ടിയ സന്തോഷത്തില്‍ ടൊവീനോ തോമസ്. ചുംബനങ്ങളുടെ നായകന്‍ എന്ന വിളിപ്പേര് ടൊവീനോയ്ക്ക കിട്ടിയിട്ട് കാലം കുറെ ആയി. അതുകൊണ്ടു തന്നെ യുഎ സര്‍ടിഫിക്കറ്റോടെയാണ് താരത്തിന്റെ ചിത്രങ്ങളെല്ലാം കുറച്ചു കാലങ്ങളായി പുറത്തു വരുന്നത്. പുതിയ ചിത്രം ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തിനാണ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ലഭിച്ചിരിക്കുന്നത്. തന്റെ പടത്തിന് യു സര്‍ട്ടിഫിക്കറ്റ് കിട്ടിയ വാര്‍ത്ത ടൊവീനോ തന്നെയാണ് ഫേസ്ബുക്കില്‍ ഇട്ടത്.

ടൊവീനോയുടെ ഫേസ്ബുക്ക് പോസ്റ്റ്,

‘അങ്ങനെ കാലങ്ങള്‍ക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ഈ പടത്തിലും ഉമ്മ ഉണ്ട് ! പക്ഷെ ‘ചുംബനം’ എന്നര്‍ത്ഥം വരുന്ന ‘ഉമ്മ’ അല്ല, ‘അമ്മ’ എന്നര്‍ത്ഥം വരുന്ന ‘ഉമ്മ’ ആണ് കേട്ടോ ഇനി കുടുംബപ്രേക്ഷകര്‍ക്കു ധൈര്യായിട്ട് വരാല്ലോ. അപ്പൊ ഡേറ്റ് മറക്കണ്ട, ഡിസംബര്‍ 21!

2017 ല്‍ തീയേറ്ററിലെത്തിയ ഗോദയ്ക്കാണ് ഏറ്റവും ഒടുവില്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ടൊവീനോ ചിത്രം. എന്റെ ഉമ്മാന്റെ പേര് ക്രിസ്മസ് ചിത്രമായാണ് തീയ്യേറ്ററുകളിലെത്തുന്നത്. ഉര്‍വശിയോടൊപ്പം ടൊവീനോ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. അമ്മ-മകന്‍ ബന്ധത്തിലൂന്നിയ പ്രമേയമാണ് ചിത്രം പറയുന്നത്. ഡിസംബര്‍ 21 ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version