ഇന്റര്‍നെറ്റിന്റെ നന്മയും തിന്മയും ചൂണ്ടിക്കാണിച്ച് ‘PUBJI XXX GAME ‘ ; നിഗൂഢത ഒളിപ്പിച്ച് ടീസര്‍

PUBJI XXX GAME | Bignewslive

ഇന്റര്‍നെറ്റിന്റെ നന്മയും തിന്മയും എന്തെന്ന് ചൂണ്ടിക്കാണിച്ച് ‘PUBJI XXX GAME ‘ എന്ന വെബ് സിനിമ ഒരുങ്ങുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഐടി സംരംഭകന്‍ കൂടിയായ പികെ എന്ന പത്മകുമാര്‍ രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പബ്ജി xxx ഗെയിം.

നൂതന സാങ്കേതിക മികവോടെ ഒരുങ്ങുന്ന സിനിമയുടെ ടീസര്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. നിഗൂഢത ഒളിപ്പിച്ചുകൊണ്ടാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്റര്‍നെറ്റും മറ്റ് ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങളും നല്‍കുന്ന സ്വാതന്ത്ര്യം ഒരേസമയം നന്മയും തിന്മയും വിതയ്ക്കുന്നത് ചൂണ്ടിക്കാണിക്കുകയാണ് ചിത്രം. സിനിമയുടെ ചിത്രീകരണം പൂര്‍ണ്ണമായും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെയായിരുന്നു.

സൈബര്‍ ക്രൈം ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ‘പബ്ജി xxx ഗെയിം ‘ നിര്‍മ്മിക്കുന്നത് വേള്‍ഡ് പ്രൈംടൈം എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ പികെ തന്നെയാണ്. ചെറിയ ബഡ്ജറ്റിലുള്ള വെബ് സിനിമയില്‍ അണിനിരത്തിയിരിക്കുന്നത് പുതുമുഖങ്ങളെയാണ്.

സംവിധാനത്തിനു പുറമെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സൗണ്ട് എഡിറ്റിംഗ്, മിക്സിങ്, വി എഫ്എക്‌സ്, മാര്‍ക്കറ്റിംഗ്, പോസ്റ്റര്‍ ഡിസൈനിങ്, കോസ്റ്റിയും, കളറിംഗ്, മേക്കപ്പ് എന്നിവയും പി കെ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. റോണി മാക് ഡേവിസ് എന്ന നവാഗതനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ മൊട്ടിട്ട ആശയമാണ് വെബ് സിനിമ. വെബ് സീരിസ് ആയിരുന്നു ആദ്യം ചിന്തിച്ചത്. എന്നാല്‍, ആ ചിന്താഗതി മാറി വെബ് സിനിമ എന്ന ആശയത്തിലേയ്ക്ക് പികെയെ എത്തിക്കുകയായിരുന്നു. 45 മിനിറ്റ് മുതല്‍ 1 മണിക്കൂര്‍ വരെ ദീര്‍ഘമുള്ളവയാണ് വെബ്‌സിനിമകള്‍. ചിത്രം ജൂലൈ അല്ലെങ്കില്‍ ആഗസ്റ്റില്‍ ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യും.

Exit mobile version