ഹൃദയത്തില്‍ ഒരു കൂരമ്പായി തറക്കുന്ന നഷ്ടപ്രണയവുമായി ‘ബ്രേക്ക് ജേര്‍ണി’; യുടൂബില്‍ വൈറലായി മലയാള ഹ്രസ്വ ചിത്രം

ഹൃദയത്തില്‍ ഒരു കൂരമ്പായി തറച്ചു കയറുന്ന നഷ്ടപ്രണയത്തിന്റെ തീവ്രത അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഒരു ക്ലാസിക് മലയാള ചിത്രമാണ് ബ്രേക്ക് ജേര്‍ണി.

അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അലക്‌സ് ജോസെഫും, അഭിലാഷ് എസ് കുമാറും ചേര്‍ന്നാണ്. അനൂപ് കുമ്പനാട് ആണ് ചിത്രത്തിലെ ‘സ്റ്റോറി കണ്‍സള്‍ട്ടന്റ്‌റ്’

ഇതിനോടകം യൂടൂബില്‍ വൈറലായി കഴിഞ്ഞ ബ്രേക്ക് ജേര്‍ണി എന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഒരു ദൃശ്യവിരുന്ന് സമ്മാനിക്കുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. മലയാള സിനിമയിലെ ‘ വണ്ടര്‍ ബോയ്’ ആയി അഭിലാഷ് ഉയരും എന്നതും തീര്‍ച്ചയാണ്.

ആസിഫ് യോഗി എന്ന യുവ നടനാണ് ചിത്രത്തില്‍ ചെറിയാന്‍ കെ ചെറിയാന്‍ ( സി കെ സി ) എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തഴക്കം ചെന്ന ഒരു നടന്റെ മെയ്‌വഴക്കത്തോടെയാണ് ഈ യുവ നടന്‍ ചെറിയാന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.

ഭാര്യയോടും കാമുകിയോടും ജോലിക്കാരിയോടും മകളോടും വ്യത്യസ്ത ഭാവങ്ങളില്‍ ഇടപെടുന്ന സങ്കീര്‍ണ്ണമായ കഥാപാത്രത്തെ പോലും ആസിഫ് അനായാസമായി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട് . ആസിഫ് മലയാള സിനിമയുടെ മുഖ്യ ധാരയിലേക്ക് എത്താന്‍ അധികം സമയം എടുക്കിലെന്നു ചിത്രം കണ്ടു കഴിയുമ്പോള്‍ പ്രേക്ഷര്‍ക്ക് ഉറപ്പാകും .

നായകനോടൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ചിത്രത്തിലെ നായിക സിതാര കാഴ്ചവെച്ചിട്ടുള്ളത്. ശ്രീകാന്തിന്റെയും സജ്ജിന്റെയും അഭിനയം ഉജ്ജ്വലം എന്ന് പറയാതിരിക്കാന്‍ വയ്യ .

എടുത്ത് പറയേണ്ട ഒന്നാണ് ചിത്രത്തിലെ ക്യാമറ. ക്യാമറ കൊണ്ട് ദൃശ്യ വിസ്മയം തീര്‍ത്തിരിക്കുകയാണ് അലക്‌സ് ജോസഫ് എന്ന ക്യാമറാമാന്‍. ഈ ലഘു ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍തിയതില്‍ ‘അലക്‌സ് ജോസഫ് മാജിക്കിന്’ വലിയൊരു പങ്കുണ്ട്. വരുണ്‍ ശ്രീകുമാര്‍ എഡിറ്റിങ്ങും ശേഖര്‍ മേനോന്റെ സംഗീതവും മികച്ചു നില്‍ക്കുന്നു.

കലയേയും സംഗീതത്തെയും സ്‌നേഹിക്കുന്ന ദുബായിലെ വ്യവസായ പ്രമുഖനായ ഹര്‍ഷവര്‍ധനന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം കണ്ടു കഴിയുമ്പോള്‍ ഈ ലഘു ചിത്രം ഒരു സിനിമ ആക്കിയിരുന്നെങ്കില്‍ എന്ന് പ്രേഷകര്‍ ചിന്തിക്കുമെന്ന് ഉറപ്പാണ്

Exit mobile version