ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ സാഹോയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

വന്‍ ആക്ഷന്‍ രംഗങ്ങളോടെ എത്തുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് അബുദാബിയിലാണ്

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്കുശേഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം സാഹോയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രമെത്തുന്നത്. വന്‍ ആക്ഷന്‍ രംഗങ്ങളോടെ എത്തുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് അബുദാബിയിലാണ്.

റണ്‍ രാജ റണ്‍ എന്ന സൂപ്പര്‍ ഹിറ്റ് തെലുങ്ക് സിനിമയുടെ സംവിധായകന്‍ സുജീത്താണ് സാഹോയുടെയും സംവിധായകന്‍. നിരവധി സ്റ്റണ്ട് രംഗങ്ങളാണ് സാഹോയിലുള്ളത്. സ്റ്റണ്ട് രംഗം യഥാര്‍ത്ഥ രീതിയില്‍ ചിത്രീകരിക്കുന്നതിനായി 37 കാറുകളും അഞ്ച് ട്രക്കുകളുമാണ് തകര്‍ത്തത്. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍.

സാഹോയില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത് ശ്രദ്ധാ കപൂര്‍ ആണ്. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഓഗസ്ത് 15ന് തീയ്യേറ്ററുകളിലെത്തും.

Exit mobile version