ഓരോ സൈറ്റും തേടി കണ്ടുപിടിച്ച് റിമൂവ് ചെയ്യുന്നത് എളുപ്പമല്ല, നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്വം; തന്റെ പേരും ചിത്രവും ഉപയോഗിച്ച് പണം തട്ടുന്നുവെന്ന മുന്നറിയിപ്പ് നല്‍കി സാധിക

Sadhika Venugopal | Bignewslive

സമൂഹ മാധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവും ഉപയോഗിച്ച് പണം തട്ടുന്നുവെന്ന മുന്നറിയിപ്പുമായി നടി സാധിക വേണുഗോപാല്‍. ഫേസ്ബുക്കിലൂടെയാണ് താരം വ്യാജ അക്കൗണ്ടിനെ കുറിച്ച് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഒഴികെയുള്ള മറ്റ് സമൂഹമാധ്യമങ്ങളില്‍ താന്‍ അംഗമല്ല. അതിനാല്‍ അത്തരം പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് തന്റെ പേരില്‍ ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്ക് മാത്രമായിരിക്കുമെന്നും സാധിക കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നിങ്ങളുടെ ശ്രദ്ധയിലേക്ക്, സോഷ്യല്‍ മീഡിയയിലെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളില്‍ അല്ലാതെ മറ്റൊരു ആപ്പിലോ പ്ലാറ്റ്‌ഫോമിലോ ഞാന്‍ അംഗമല്ല എന്നിരിക്കെ, അത്തരം പ്ലാറ്റ്‌ഫോമുകളില്‍ ഞാന്‍ ആണെന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നിങ്ങള്‍ക്കു മാത്രം ആയിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു. പലരും എന്റെ ഫോട്ടോ ഉപയോഗിച്ച് ഫേക്ക് അക്കൗണ്ടുകള്‍ തുറന്ന്, പണം ഉണ്ടാക്കുന്നതായും, ചാന്‍സ് നല്‍കാമെന്നും മറ്റും പറഞ്ഞ് പലരെയും ഉപയോഗിക്കുന്നതായും പലപ്പോഴും അറിയാന്‍ സാധിച്ചിട്ടുണ്ട്. അതില്‍ പലതും സൈബര്‍ സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ആണ്. എന്റെ പ്രൊഫൈല്‍ ഞാന്‍ ഉപയോഗിക്കുന്നത് എന്റെ പ്രൊമോഷന്‍സിനും എനിക്ക് ജനങ്ങളുമായി പങ്കുവെക്കാനുള്ള ആശയങ്ങള്‍ക്കും എന്നെ ഇഷ്ടപെടുന്ന സമൂഹവുമായുള്ള ആശയ വിനിമയത്തിനും ആണ്.

ഞാന്‍ ഒരാള്‍ക്കും അങ്ങോട്ട് മെസേജ് അയക്കുകയോ വിളിക്കുകയോ ചാന്‍സ് ഓഫര്‍ ചെയ്യുകയോ പണം ചോദിക്കുകയോ ആരെയും ഫോളോ ചെയ്യുകയോ ഒന്നും ചെയ്യില്ല എന്നിരിക്കെ എന്റെ പേരില്‍ ആരെങ്കിലും അത്തരം കാര്യങ്ങള്‍ ചെയ്താല്‍ അത് നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. പല ഡേറ്റ്, ദേസി അപ്ലിക്കേഷനുകളിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാന്‍ ഇടയായിട്ടുണ്ട്. അതില്‍ വിശ്വസിച്ച് ചെന്നുചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ അതില്‍ ഞാന്‍ ഉത്തരവാദി ആയിരിക്കില്ല. ഓരോ സൈറ്റും തേടി കണ്ടുപിടിച്ച് ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പമുള്ള കാര്യമല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കും.

സെലിബ്രിറ്റികളുടെ മാത്രമല്ല പല പെണ്‍കുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പലരുമായും സംസാരിക്കുമ്പോള്‍ അറിയാന്‍ സാധിക്കുന്നത് പെണ്ണിന്റെ ഫോട്ടോ കണ്ടാലേ ഫോളോവേഴ്‌സ് ഉണ്ടാകൂ, അതിനു വേണ്ടി ആണ് ഇത് എന്നാണ്. നിങ്ങള്‍ക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? എല്ലാവരും മനുഷ്യര്‍ ആണ് സഹോ. എന്റെ പേരിലുള്ള വെരിഫിക്കേഷന്‍ ഇല്ലാത്ത ഏതെങ്കിലും അക്കൗണ്ടില്‍ നിന്നോ ഫാന്‍ പേജില്‍ നിന്നോ എന്തെങ്കിലും തെറ്റായ സന്ദേശങ്ങള്‍ ലഭിക്കുന്നപക്ഷം ദയവായി എന്നെ അറിയിക്കുക.

Exit mobile version