രണ്ടാമൂഴം സിനിമയായാല്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ഷാരൂഖ് ഖാന്‍

ഭീമനെ കേന്ദ്രകഥാപാത്രമാക്കി എംടി രചിച്ച വിഖ്യാത നോവലാണ് സിനിമയ്ക്ക് ആധാരം

എംടിയുടെ രണ്ടാമൂഴം സിനിമയായാല്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അറിയില്ലെന്നും മഹാഭാരതം പോലെയുള്ളമഹത്തായ കഥ സിനിമയാക്കാന്‍ മലയാള സിനിമയ്ക്ക് സാധിക്കുമെന്നും ഷാരൂഖ് ഖാന്‍ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എത്ര വലിയ നടനായാലും സാധാരണക്കാരനായി ജീവിക്കാനാണ് ആഗ്രഹം. അറബ് ലോകത്ത് ധാരാളമാളുകള്‍ തന്റെ സിനിമ കാണാറുണ്ടെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്നും ഷാരൂഖ് പറഞ്ഞു. ദുബായ് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ഷാരൂഖ് ഖാന്‍. ആ പദവി നന്നായി ആസ്വദിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാകും എന്നായിരുന്നു ആദ്യഘട്ടത്തില്‍ രണ്ടാമൂഴത്തെക്കുറിച്ചുള്ള പ്രതീക്ഷ. എന്നാല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് തിരക്കഥാകൃത്ത് എംടി വാസുദേവന്‍നായര്‍ കോടതിയെ സമീപിച്ചതോടെയാണ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി നിശ്ചയിച്ച ചിത്രം പ്രതിസന്ധിയിലേക്കും വിവാദങ്ങളിലേക്കും നീണ്ടത്. രണ്ടാമൂഴം സിനിമയാക്കുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

നാലുവര്‍ഷം മുമ്പാണ് എംടി സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകള്‍ നല്‍കി. മൂന്നുവര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരുവര്‍ഷം കൂടീ സമയം നീട്ടി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

ഭീമനെ കേന്ദ്രകഥാപാത്രമാക്കി എംടി രചിച്ച വിഖ്യാത നോവലാണ് സിനിമയ്ക്ക് ആധാരം. സിനിമയുടെ പ്രഖ്യാപനഘട്ടം മുതലെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. മഹാഭാരതമെന്ന പേരില്‍ ചിത്രം പുറത്തിറക്കുന്നതിനെതിരെ സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു.

Exit mobile version