സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കു പിന്നില്‍ ദിലീപോ? ശ്രീകുമാര്‍ മേനോന്റെ മറുപടി ഇങ്ങനെ

ഇവിടെ നേരത്തെ സൂചിപ്പിച്ച സിനിമ രംഗത്തെ തന്നെ ചില കേസുകളുമായി ബന്ധപ്പെട്ട് എന്റെ പേര് കടന്നു വന്നിരുന്നു

ഒടിയന്‍ സിനിമക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന നെഗറ്റീവ് പബ്ലിസിറ്റിക്ക് പിന്നില്‍ ദിലീപ് പക്ഷം ആണോ അല്ലയോ എന്ന് പറയാന്‍ തക്ക തെളിവുകളൊന്നും തന്റെ കയ്യില്‍ ഇല്ലെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ”ഒരു ആസൂത്രിതമായ ആക്രമണം എന്റെ സിനിമക്ക് നേരെ നടക്കുന്നുണ്ട്. ഇവിടെ നേരത്തെ സൂചിപ്പിച്ച സിനിമ രംഗത്തെ തന്നെ ചില കേസുകളുമായി ബന്ധപ്പെട്ട് എന്റെ പേര് കടന്നു വന്നിരുന്നു.

അതിന്റെ തുടര്‍ച്ചയാണോ ഇതെന്നും ഉറപ്പിച്ചു പറയാന്‍ കഴിയില്ല. എന്റെ കയ്യില്‍ അത് പ്രൂവ് ചെയ്യാന്‍ തെളിവുകളൊന്നനും ഇല്ല.” ഒടിയന്‍ സിനിമക്ക് നേരെ നടക്കുന്ന നെഗറ്റിവ് പബ്ലിസിറ്റിക്ക് പിന്നില്‍ ദിലീപ് പക്ഷം ആണോ എന്ന ചോദ്യത്തിന് റിപ്പോര്‍ട്ടര്‍ ടിവി അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

നേരത്തെ പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമായ ബന്ധപ്പെട്ട കേസില്‍ പോലീസ് ശ്രീകുമാര്‍ മേനോനെയും ചോദ്യം ചെയ്തിരുന്നു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് അന്വേഷണം സംഘം ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്തത്. ദിലീപും മഞ്ജു വാര്യരും പിരിഞ്ഞ ശേഷം ശ്രീകുമാര്‍ മേനോന്‍ ചെയ്ത പരസ്യത്തിലായിരുന്നു മഞ്ജു വാര്യര്‍ രണ്ടാം വരവില്‍ കാമറയ്ക്ക് മുന്നിലെത്തിയത്.

അതെ സമയം തനിക്കെതിരെ ആക്രമണം നടത്തുന്നവര്‍ മുഴുവന്‍ മോഹന്‍ലാല്‍ ഫാന്‍സ് ആണെന്ന് താന്‍ കരുതുന്നില്ലെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. വളരെ പ്ലാന്‍ഡ് ആയിട്ടുള്ള ആക്രമണമാണ് അവ. ഇത് മലയാള സിനിമയില്‍ കാണുന്ന ഒരു പുതിയ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ തോല്‍പിച്ചു കാണുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷം അവര്‍ അനുഭവിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ഇത് കൂവിത്തോല്‍പ്പിക്കലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറെക്കൂടി എളുപ്പമുള്ള സോഷ്യല്‍ മീഡിയ കമന്റുകളാണ് ആയുധം.

സിനിമയുടെ ആദ്യപ്രദര്‍ശനം തുടങ്ങി ടൈറ്റില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മുതല്‍ ക്ലൈമാക്‌സ് മോശമാണെന്ന് കമന്റുകള്‍ വരാന്‍ തുടങ്ങിയിരുന്നെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ ഒരു താരത്തെയോ സംവിധായകനെയോ മാത്രമല്ല ഇന്‍ഡസ്ട്രിയെ മൊത്തം ബാധിക്കുന്നുണ്ടെന്ന് ഒടിയനെ ആക്രമിക്കുന്നവര്‍ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ പടം വരുമ്പോള്‍ മറ്റേയാള്‍ തോല്‍പ്പിക്കുകയും മറ്റേയാളുടെ പടം വരുമ്പോള്‍ ഇയാള്‍ തോല്‍പ്പിക്കുകയും ചെയ്യുന്നത് ഇന്‍ഡസ്ട്രിയെ തോല്‍പ്പിക്കലാണ്.

പണ്ട് കൂവാന്‍ ആളുകളെ കൂലിക്ക് എടുക്കുന്ന പ്രവണത നിലനിന്നിരുന്നു. ഇപ്പോള്‍ സൈബര്‍ ആക്രമണങ്ങള്‍ക്കു വേണ്ടിയാണ് കൂലിക്കെടുക്കുന്നത്. പലരും വ്യാജ പ്രൊഫൈലുകളാണ് പ്രചാരണത്തിനു വേണ്ടി ഉപയോഗിക്കുന്നത്.

കുടുംബ പ്രേക്ഷകര്‍ക്കു കൂടി ആസ്വദിക്കാവുന്ന സിനിമയാണിത്. ഈ പ്രകേഷകര്‍ ആദ്യദിനങ്ങളില്‍ തിയറ്ററിലെത്തണമെന്നില്ലെന്നും ശ്രീകുമാര്‍ മേനോന്‍ ചൂണ്ടിക്കാട്ടി.

Exit mobile version