സിനിമയെടുക്കുന്നവരുടെ കുലവും ഗോത്രവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടി വരുമോ..? സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിദ്ധാര്‍ഥ ശിവ

Sidhartha Siva | Bignewslive

തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്തായതുകൊണ്ടാണ് ‘വര്‍ത്തമാനം’ സിനിമയ്ക്ക് അനുമതി നിഷേധിച്ചതെന്ന് പറഞ്ഞ സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപി നേതാവുമായ അഡ്. വി സന്ദീപ് കുമാറിനെ പുറത്താക്കണമെന്ന് സംവിധായകന്‍ സിദ്ധാര്‍ഥ ശിവ. സെന്‍സര്‍ ബോര്‍ഡ് അംഗത്തിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയതയും മതാന്ധതയും ബാധിച്ചവര്‍ക്ക് പകരം സിനിമയെ കുറിച്ച് വിലയിരുത്താന്‍ കഴിവുള്ളവരെയാണ് സെന്‍സര്‍ ബോര്‍ഡില്‍ നിയമിക്കേണ്ടത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കലാസൃഷ്ടി ഇവിടെ വേണ്ട എന്ന കാഴ്ചപ്പാട് സാംസ്‌കാരിക ഫാസിസമാണെന്നും സിദ്ധാര്‍ഥ ശിവ തുറന്നടിച്ചു. മലയാള സിനിമാ രംഗത്ത് കേട്ടുകേള്‍വിയില്ലാത്ത തരത്തിലാണ് സെന്‍സര്‍ ബോര്‍ഡ് സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിക്കുന്നത്.

സിനിമയെടുക്കുന്നവരുടെ കുലവും ഗോത്രവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടി വരുമോ എന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കണമെന്നും ചോദിക്കുന്നുണ്ട്. വര്‍ത്തമാനത്തിന്റെ പ്രദര്‍ശനാനുമതി വിലക്കാനുള്ള സെന്‍സര്‍ ബോര്‍ഡ് മെമ്പറുടെ ശ്രമത്തെ പരാജയപ്പെടുത്തിയത് സിനിമയെ സ്നേഹിക്കുന്നവരുടെയും മതേതര മനസുള്ളവരുടെയും വിജയമാണെന്നും സിദ്ധാര്‍ഥ വ്യക്തമാക്കി.

പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായെത്തുന്ന വര്‍ത്തമാനം സിനിമയക്ക് കഴിഞ്ഞ ദിവസം റിവൈസിങ്ങ് കമ്മിറ്റി പ്രദര്‍ശാനുമതി നല്‍കിയിരുന്നു. പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി താരം രംഗത്തെത്തിയത്.

Exit mobile version