ഐഎഫ്എഫ്‌ഐ ഇന്ത്യന്‍ പനോരമ പ്രഖ്യാപിച്ചു; മലയാളത്തില്‍ നിന്ന് ആറ് ചിത്രങ്ങള്‍, ട്രാന്‍സും കെട്ട്യോളാണ് എന്റെ മാലാഖയും കപ്പേളയും ലിസ്റ്റില്‍

malayalam movies | big news live

51ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള ഇന്ത്യന്‍ പനോരമ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. 23 ഫീച്ചര്‍ ചിത്രങ്ങളും 20 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളുമാണ് പ്രഖ്യാപിച്ചത്. മലയാളത്തില്‍ നിന്ന് ഇത്തവണ അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും അടക്കം ആറ് ചിത്രങ്ങളാണ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്.

ജയറാമിനെ നായകനാക്കി വിജീഷ് മണി ഒരുക്കിയ സംസ്‌കൃതഭാഷാ ചിത്രമായ ‘നമോ’, ധനുഷും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രിമാരന്റെ തമിഴ് ചിത്രം ‘അസുരന്‍’, അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് നായകനായി എത്തിയ നിതേഷ് തിവാരിയുടെ ‘ചിച്ചോറെ’ തുടങ്ങിയവയും ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചിട്ടുണ്ട്.

മുഹമ്മദ് മുസ്തഫയുടെ ‘കപ്പേള’, സിദ്ദീഖ് പരവൂരിന്റെ ‘താഹിറ’, അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സ്’, നിസാം ബഷീറിന്റെ ‘കെട്ട്യോളാണ് എന്റെ മാലാഖ’, പ്രദീപ് കാളിപുറയത്തിന്റെ ‘സേഫ്’, എന്നിവയാണ് മലയാളത്തില്‍ നിന്ന് ഫീച്ചര്‍ വിഭാഗത്തില്‍ ഇടം പിടിച്ച ചിത്രങ്ങള്‍. ശരണ്‍ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’യാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഇടം പിടിച്ച ചിത്രം.

കൊവിഡ് വൈറസ് വ്യപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച ഐഎഫ്എഫ്‌ഐ 2021 ജനുവരി 16 മുതല്‍ ജനുവരി 24 വരെയാണ് നടക്കുക.

Exit mobile version