‘നിഴലില്‍’ ദുബായിയിലെ അന്താരാഷ്ട്ര പരസ്യമോഡല്‍ ഐസിന്‍ ഹാഷും; ചില്ലറക്കാരനല്ല മലപ്പുറത്തെ ഈ മിടുക്കന്‍

Nizhal Movie | Bignewslive

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് നയന്‍താര-കുഞ്ചാക്കോ ബോബന്‍ കൂട്ടുക്കെട്ടിലെ നിഴല്‍ എന്ന ചിത്രം. ഇപ്പോള്‍ ചിത്രത്തില്‍ ദുബായിയിലെ അന്താരാഷ്ട്ര പരസ്യമോഡലും മലയാളിയുമായി ഐസിന്‍ ഹാഷും വേഷമിടുന്ന വിവരം പുറത്ത് വിട്ടിരിക്കുകയാണ്. ക്യാരക്ടര്‍ പോസ്റ്റര്‍ ചിത്രത്തിലെ നായക വേഷം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടു.

അറുപതിലേറെ ഇംഗ്ലീഷ് അറബിക് പരസ്യങ്ങളില്‍ അഭിനയിക്കുകയും മോഡലാകുകയും ചെയ്ത ഐസിന്‍ ഹാഷ് ആദ്യമായി അഭിനയിക്കുന്ന സിനിമ കൂടിയാണ് നിഴല്‍. കിന്‍ഡര്‍ ജോയ്, Volkwagen, നിഡോ, വാര്‍ണര്‍ ബ്രോസ്, ലൈഫ്‌ബോയ്, Huawei, Heinz തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ച ഐസിന്‍, അറബിക് പരസ്യങ്ങളിലെ ‘എമിറാത്തി ബോയ്’ എന്ന പേരിലും പ്രശസ്തനാണ്.

ദുബായ്‌, അബുദാബി, ഗവണ്മെന്റുകളുടെ ടൂറിസമടക്കമുള്ള വിഭാഗങ്ങളുടെ നിരവധി പരസ്യ ക്യാമ്പയിനുകളിലും ഐസിന്‍ ഒരു സ്ഥിരസാന്നിധ്യമാണ്. ഇംഗ്ലണ്ട് ഫുട്ബാള്‍ ടീമിന്റെയും ലിവര്‍പൂളിന്റെയും നായകനായിരുന്ന ഫുട്ബാള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡിനെ ആറാമത്തെ വയസ്സില്‍ ഇന്റര്‍വ്യൂ ചെയ്ത്, അന്താരാഷ്ട്ര തലത്തിലും ഐസിന്‍ ശ്രദ്ധനേടിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമിന്റെയും, ഫേസ്ബുക്കിന്റേയും ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ വളരെ ചെറിയ പ്രായത്തില്‍ ലഭിച്ച അപൂര്‍വ്വം കുട്ടി സെലിബ്രിറ്റികളില്‍ ഒരാള്‍കൂടിയാണ് ഈ കൊച്ചുമിടുക്കന്‍.

നയന്‍താരയും കുഞ്ചാക്കോ ബോബനുമൊത്തുള്ള സിനിമയിലെ പ്രധാന സീനുകള്‍ അനായാസമായി ചിത്രീകരിക്കാന്‍, എട്ടു വയസ്സുകാരനായ ഐസിന്റെ അഭിനയ പരിചയം ഏറെ ഗുണകരമായിട്ടുണ്ടെന്നാണ് അണിയറപ്രവര്‍ത്തകരുടെയും അഭിപ്രായം. ദുബായിയില്‍ താമസമാക്കിയ മലപ്പുറം നിലമ്പൂര്‍ മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെയും, കോഴിക്കോട് നല്ലളം സ്വദേശി ലുല്ലു ഹാഷിന്റെയും മകനാണ് ഐസിന്‍. ഏക സഹോദരി രണ്ടര വയസ്സുകാരിയായ ഹവാസിന്‍ ഹാഷ്.

എസ് സഞ്ജീവാണ് നിഴല്‍ സിനിമയുടെ തിരക്കഥ. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടിപി, ജിനേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാണ്. ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളുടെയും, നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരിയാണ്.

Exit mobile version