‘സോറി എന്റെ ഗര്‍ഭം ഇങ്ങനെയല്ല, ഇത് മറ്റാരുടെയോ വികൃതയാണ്, അവര്‍ ദയവായി ഈ ഗര്‍ഭം ഏറ്റെടുക്കുക’; ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചുവെന്ന വ്യാജ പ്രചരണത്തെ തേച്ച് ഒട്ടിച്ച് ബാലചന്ദ്രമേനോന്‍

balachrameno | bignewslive

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ചോദിച്ച് കൊണ്ട് തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ വ്യാജമാണെന്ന് പ്രശസ്ത സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍. ആരുടെയോ വികൃതിയാണ് ഈ പോസ്റ്ററുകളെന്നും അവര്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ബലചന്ദ്രമേനോന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബാലചന്ദ്ര മേനോന്‍ ഇക്കാര്യം അറിയിച്ചത്.

‘സോറി എന്റെ ഗര്‍ഭം ഇങ്ങനെയല്ല, ഇത് മറ്റാരുടെയോ വികൃതയാണ് അവര്‍ ദയവായി ഈ ഗര്‍ഭം ഏറ്റെടുക്കുക’ വ്യാജ പോസ്റ്റര്‍ പങ്കുവെച്ച് ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.ഇത്തവണത്തെ വോട്ട് പാഴാക്കരുതെന്നും, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞതായി അവകാശപ്പെടുന്നതായിരുന്നു വ്യാജപോസ്റ്ററുകള്‍. ഇടതിനെയും വലതിനെയും മാറി മാറി പരീക്ഷിച്ചു, അവര്‍ വല്ല പ്രശ്‌നവും പരിഹരിച്ചോ, മോഡി നയിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഏതു പ്രശ്‌നവും പരിഹരിക്കാനാകുമെന്നും വ്യാജ പോസ്റ്ററില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രവും പോസ്റ്ററിലുണ്ടായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

‘കണ്‍ഗ്രാജുലേഷന്‍സ് !’
‘നല്ല തീരുമാനം…’
‘അല്‍പ്പം കൂടി നേരത്തേയാവാമായിരുന്നു …’
‘നിങ്ങളെപ്പോലുള്ളവര്‍ പൊതുരംഗത്ത് വരണം ..
.’അതിനിടയില്‍ ഒരു വിമതശബ്ദം :
‘വേണോ ആശാനേ ?’
‘നമുക്ക് സിനിമയൊക്കെ പോരെ ?’

ഫോണില്‍കൂടി സന്ദേശങ്ങളുടെ പ്രവാഹം .എനിക്കൊരു പിടിയും കിട്ടിയില്ല . പിന്നാണറിയുന്നത് എന്റെ പേരില്‍ ഒരു വ്യാജ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് …
ഒന്നല്ല…പല ഡിസൈനുകള്‍ …ഞാന്‍ മനസ്സാ വാചാ കര്‍മ്മണാ അറിയാത്ത ഒരു കാര്യം എന്റെ തലയും വെച്ച് ആള്‍ക്കാര്‍ വായിക്കുമ്പോള്‍ ‘ഇപ്പോള്‍ ഇങ്ങനൊക്കെ പലതും നടക്കും’ എന്ന മട്ടില്‍ ഞാന്‍ മൗനം പാലിക്കുന്നത് ഭൂഷണമല്ല എന്ന് എനിക്ക് ബോധ്യമായി .എന്നാല്‍ ‘രാഷ്ട്രീയമായി’ നേരിടാനും ‘നിയമപരമായി’ യുദ്ധം ചെയ്യാനുമൊന്നും എനിക്ക് തോന്നിയില്ല . എന്നാല്‍ എന്റെ നിലപാട് എനിക്ക് വ്യക്തമാക്കുകയും വേണം . അങ്ങിനെയാണ് ഞാന്‍ ജഗതി ശ്രീകുമാറിന്റെ സഹായം തേടിയത് .ആ ചിത്രത്തിന്റെ സംവിധായകനായ രാജസേനനും നന്ദി …എന്റെ മറുപടി കണ്ട് എന്നോട് പ്രതികരിച്ച ഏവര്‍ക്കും കൂപ്പുകൈ .(അങ്ങിനെ ഒന്നുണ്ടോ ഇപ്പോള്‍?..,ആവോ !)പലരും ഭംഗ്യന്തരേണ ചോദിച്ച ഒരു ചോദ്യം :’നിങ്ങള്‍ നയം വ്യക്തമാക്കണം…രാഷ്ട്രീയത്തിലേക്കുണ്ടോ?’

ഉത്തരം : രാഷ്ട്രീയത്തില്‍ സ്ഥായിയായ ശത്രുക്കളില്ല …മിത്രങ്ങളുമില്ല എന്നാണു വെയ്പ്പ് .അതുകൊണ്ടുതന്നെ സ്ഥിരമായ നിലപാടുകളില്ല.. രാഷ്ട്രീയത്തിലെ അഭിപ്രായങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും സ്ഥിരതയില്ല.. ഇതെല്ലാം ‘കൂട്ടിവായിക്കുമ്പോള്‍’ ഞാന്‍ രാഷ്ട്രീയത്തില്‍ വരുമോ എന്ന ചോദ്യത്തിന് വരുമെന്നോ, വരില്ല , എന്നോ ഇപ്പോള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്ന്….
എന്റെ രാഷ്ട്രീയമായ തീരുമാനം …
that’s ALL your honour !

Exit mobile version