പാര്‍ട്ടികള്‍ വിട്ട് ദളിതര്‍ ഒന്നിച്ചു നിന്ന് പോരാടാന്‍ തയ്യാറാകണമെന്ന് പാ രഞ്ജിത്ത്

അംബേദ്കറുടെ അനുയായികള്‍ മാത്രമാണ് ജനങ്ങളെ ഒന്നിച്ചു ചേര്‍ക്കുന്നതിനേക്കുറിച്ച് സംസാരിക്കുന്നതെന്നും പാ രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു

ദളിതര്‍ പാര്‍ട്ടികളില്‍ നിന്ന് സ്വതന്ത്രമാകണമെന്ന് സംവിധായകന്‍ പാ രഞ്ജിത്ത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് പോരാടാന്‍ ഇറങ്ങണം. ദളിതരേക്കുറിച്ച് സംസാരിക്കാന്‍ എംഎല്‍എമാരും എംപിമാരും തയ്യാറാകുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ നേതാക്കളാകുന്നതെന്ന് പാ രഞ്ജിത്ത് ചോദിച്ചു.

നാമെല്ലാവരും ഒരുമിച്ച് കൂടണം. ആളുകളെ ഒരുമിച്ച് ചേര്‍ക്കുന്നതിനേക്കുറിച്ച് ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇല്ല, അവര്‍ അവരുടെ ജാതിയേക്കുറിച്ചും പ്രശസ്തിയേക്കുറിച്ചും പറഞ്ഞിട്ട് പോകും. അംബേദ്കറുടെ അനുയായികള്‍ മാത്രമാണ് ജനങ്ങളെ ഒന്നിച്ചു ചേര്‍ക്കുന്നതിനേക്കുറിച്ച് സംസാരിക്കുന്നതെന്നും പാ രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

ഹൊസൂരിലെ ജാതിക്കൊലയേക്കുറിച്ച് ദളിത്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രമാണ് സംസാരിച്ചത്. ഡിഎംകെ-എഐഡിഎംകെ പാര്‍ട്ടികള്‍ക്ക് എന്നാണ് ഹൊസൂരിലേത് ജാതിക്കൊലപാതകമായി തോന്നുക എന്നും പാ രഞ്ജിത് ചോദിച്ചു.

മദ്രാസ്, ആട്ടക്കത്തി, കബാലി, കാല എന്നീ ചിത്രങ്ങളുടെ സംവിധായകനായ രഞ്ജിത്ത് ഈയിടെ നിര്‍മ്മാതാവിന്റെ വേഷവും അണിഞ്ഞിരുന്നു. പാ രഞ്ജിത്ത് നിര്‍മ്മിച്ച് മാരി ശെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ മികച്ച പ്രതികരണമാണ് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും നേടിയത്.

പാ രഞ്ജിത്തിന്റെ നിര്‍മ്മാണ കമ്പനി നീലം കള്‍ച്ചറല്‍ സെന്റര്‍ എന്ന സ്ഥാപനവും നടത്തുന്നുണ്ട്. കലയെ രാഷ്ട്രീയവരിക്കുകയാണ് നീലത്തിന്റെ ലക്ഷ്യം. പൊതുജനങ്ങള്‍ക്കായി നീലം ശില്‍പ്പശാലകള്‍ ഉള്‍പ്പെയെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അംബേദ്കറിന്റെ 62-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് നീലം ഇന്നലെ ശില്‍പകലാ വര്‍ക്ഷോപ്പ് സംഘടിപ്പിച്ചിരുന്നു.

Exit mobile version