പരമ്പരാഗത നൃത്തം, പ്രകൃതിദത്ത ഭക്ഷണം, സാഹസിക യാത്ര… ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികളുമായി രാജാജി നാഷ്ണല്‍ പാര്‍ക്ക്

മുഖം മിനുക്കി രാജാജി നാഷ്ണല്‍ പാര്‍ക്ക്

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഒരു പിടി പുതിയ പദ്ധതികളുമായി രാജാജി നാഷ്ണല്‍ പാര്‍ക്ക് മുഖം മിനുക്കുന്നു. പാര്‍ക്കിലെ റിസോര്‍ട്ടുകളാണ് പുതിയ പദ്ധതികളുമായി മുന്നോട്ടുവന്നിരിക്കുന്നത്. ടൂറിസ്റ്റുകള്‍ക്കായി പരമ്പരാഗത ഭക്ഷണത്തിനും കലാപ്രകടനങ്ങള്‍ക്കും പുറമെ യോഗാ ക്ലാസുകള്‍, പക്ഷി നിരീക്ഷണ പദ്ധതികള്‍, സാഹസിക യാത്രകള്‍, പ്രകൃതിയോടടുത്തിടപഴകാനുള്ള അവസരങ്ങള്‍ എന്നിവയും ഒരുക്കിയിരിക്കുന്നു. കൂടുതല്‍ ടൂറിസ്റ്റുകളെ മേഖലയിലേക്ക് ആകര്‍ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഡല്‍ഹിയില്‍ നിന്ന് വളരെ അകലെയല്ലാതെ ഹിമാലന്‍ താഴ്വരയിലെ ഹരിദ്വാറില്‍ സ്ഥിതിചെയ്യുന്ന ഇവിടെ ജിപ്‌സി റൈഡുകള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്.
ഈ മേഖലയിലെ ജിപ്‌സി സഫാരിയും മൃഗങ്ങളെ റൈഡുകള്‍ക്കായി വാണിജ്യാടിസ്ഥനത്തില്‍ ഉപയോഗിക്കുന്നതിനും ഉത്തരാഖണ്ഡ് ഹൈക്കോടതി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സഞ്ചാരികള്‍ക്കായി പാര്‍ക്കിലെ റിസോര്‍ട്ടുടമകള്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള തനതായ പദ്ധതികള്‍ക്കാണ് ഇനിമുതല്‍ ഇവിടെ മുന്‍തൂക്കം നല്‍കുക. കോടതി ഉത്തരവിനെതുടര്‍ന്ന് ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുവന്നു.

ജിപ്‌സി വാടകക്കെടുത്താണ് ഇവിടേക്ക് വന്‍തോതില്‍ യാത്രക്കാര്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ദിവസം 20 ജിപ്‌സികള്‍ക്ക് മാത്രമേ ഇങ്ങോട്ടു പ്രവേശനം അനുവദിക്കൂ. ഇത് ഈ മേഖലയിലെ റിസോര്‍ട്ട് ജിപ്‌സി ഓണേഴ്‌സിന് തിരിച്ചടിയായി.

രാജാജി നാഷ്ണല്‍ പാര്‍ക്കില്‍ 500 ഓളം ആനകളും, 12 കടുവകളും, 250ലധികം പുള്ളിപുലികളും, കരടി, മാന്‍ എന്നിവയും 400ലധികം പക്ഷി ഇനങ്ങളുമുണ്ട്.
ഇവയെ ശല്യപ്പെടുത്താതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇനി പാര്‍ക്ക് മുന്‍തൂക്കം നല്‍കുക.

ടെന്റ് മാതൃകയിലുള്ള ടെന്റുകളാണ് ഇവിടെ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഡിജെ പോലുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കി പ്രകൃതിയോടിണങ്ങി കഴിയാനും പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദങ്ങള്‍ ആസ്വദിക്കാനുമായിരിക്കും ഇവിടെ സൗകര്യമൊരുക്കുക.

Exit mobile version