ആരാധകര്‍ കുറച്ച് കൂടി കാത്തിരിക്കണം; സൂര്യയുടെ ‘സൂരറൈ പൊട്രു’വിന്റെ റിലീസ് മാറ്റി

നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയ ‘ഇരുധി സുട്രു’വിന്റെ സംവിധായിക സുധ കൊങ്കര സൂര്യയെ നായകനാക്കി ഒരുക്കിയ ‘സൂരറൈ പൊട്രു’വിന്റെ റിലീസ് തീയതി മാറ്റി. സൂര്യ തന്നെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ച വിവരം അറിയിച്ചത്. നേരത്തേ ഈ മാസം 30 ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കുമെന്നും സൂര്യ പങ്കുവെച്ച കത്തില്‍ പറയുന്നു.

‘നമ്മുടെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്ന ഒരു ചിത്രമാണ് സൂരറൈ പൊട്രു. ശ്രദ്ധേയവും പ്രചോദനാത്മകവുമായ ഈ കഥയെക്കുറിച്ച് വളരെ ആകാംഷയാണ് ഉള്ളത്. നിര്‍ഭാഗ്യവശാല്‍, സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പ് ഇപ്പോള്‍ പ്രതീക്ഷിച്ചതിലും അല്‍പ്പം കൂടുതലായിരിക്കും’ എന്നാണ് താരം ട്വിറ്ററില്‍ പങ്കുവെച്ച കത്തില്‍ പറയുന്നത്. ഏവിയേഷന്‍ ഇന്റസ്ട്രിയെ ആസ്പദമാക്കിയുള്ള കഥയായതിനാല്‍ വിവിധ ഏജന്‍സികളില്‍ നിന്ന് എന്‍ഒസി നേടിയെടുക്കേണ്ടത് ആവശ്യമായിരുന്നു. ഇപ്പോഴും ചില എന്‍ഒസികള്‍ ലഭിക്കാനുണ്ടെന്നും അതുകൊണ്ടാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത് എന്നുമാണ് താരം അറിയിച്ചത്.

ആഭ്യന്തര വിമാന സര്‍വീസായ ‘എയര്‍ ഡെക്കാണി’ന്റെ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. സംവിധായിക സുധ കൊങ്കരുവും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഉര്‍വശി, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍, കരുണാസ്, വിവേക് പ്രസന്ന, മോഹന്‍ ബാബു, കാളി വെങ്കട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സൂര്യയുടെ 2 ഡി എന്റര്‍ടെയിന്‍മെന്റ്സും ഗുനീത് മോങ്കയുടെ ശിഖായ എന്റര്‍ടെയിന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version