അര്‍ജുന്‍ അശോകന്റെ ‘വൂള്‍ഫ്’; ഇന്ദുഗോപന്റെ രചനയില്‍ ഷാജി അസീസ് സിനിമ, ചിത്രീകരണം ആരംഭിച്ചു

ഷാജി അസീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വൂള്‍ഫ്’ന്റെ ചിത്രീകരണം ആരംഭിച്ചു. ജിആര്‍ ഇന്ദുഗോപന്‍ രചന നിര്‍വഹിച്ചിരിക്കുന്ന സിനിമയില്‍ നായകനാകുന്നത് അര്‍ജ്ജുന്‍ അശോകനാണ്. സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാകും ചിത്രീകരണം.

ഷാജി അസീസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് വൂള്‍ഫ്. ജയസൂര്യ നായകനായി എത്തിയ ‘ഷേക്‌സ്പിയര്‍ എംഎ മലയാളം’ ആയിരുന്നു ആദ്യ സിനിമ. കുഞ്ചാക്കോ ബോബന്‍ നായകനാക്കി 2010ല്‍ പുറത്തിറങ്ങിയ ഒരിടത്തൊരു പോസ്റ്റുമാനും സംവിധാനം ചെയ്തത് ഷാജി അസീസ് ആയിരുന്നു. തുടര്‍ന്ന് സംവിധാനം ചെയ്ത സോഷ്യല്‍ സറ്റയര്‍ ടെലിവിഷന്‍ സീരിയല്‍ M80 മൂസ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ക്രൈം രചനകളിലൂടെ മലയാളത്തില്‍ സ്വന്തം വായനക്കാരെ സൃഷ്ടിച്ച എഴുത്തുകാരനാണ് ജിആര്‍ ഇന്ദുഗോപന്‍. ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രഞ്ജിന്‍ രാജാണ്. ഹരിനാരായണന്റെതാണ് വരികള്‍. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഫായിസ് സിദ്ദീഖാണ്. അനുട്ടന്‍ വര്‍ഗീസാണ് പ്രൊജക്റ്റ് ഡിസൈനര്‍. ലൈന്‍ പ്രൊഡ്യൂസര്‍ യെല്ലോ എന്റര്‍ടൈന്മെന്റ്‌സ്.

Exit mobile version