‘സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തിയ ഇടവേള ബാബുവിന്റെ പരാമര്‍ശം വെറുപ്പുളവാക്കുന്നത്, അയാളോട് പുച്ഛം മാത്രം’; അമ്മയില്‍ നിന്നും രാജിവെച്ച് പാര്‍വ്വതി തിരുവോത്ത്

താര സംഘടനയായ എഎംഎംഎയില്‍ നിന്ന് രാജിവയ്ക്കുന്നതായി നടി പാര്‍വ്വതി തിരുവോത്ത്. സംഘടന വിട്ട ഭാവനയെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പാര്‍വ്വതി രാജി വച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജിവയ്ക്കുന്ന കാര്യം പാര്‍വ്വതി അറിയിച്ചത്.

2018 ല്‍ എന്റെ സുഹൃത്തുക്കള്‍ എഎംഎംഎയില്‍ നിന്ന് പിരിഞ്ഞു പോയപ്പോള്‍ ഞാന്‍ സംഘടനയില്‍ തന്നെ തുടര്‍ന്നത് തകര്‍ന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ എഎംഎംഎ ജനറല്‍സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിക്കുന്നു. ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല. അതിനാല്‍ ഞാന്‍ സംഘടനയില്‍ നിന്നും രാജി വയ്ക്കുന്നു.അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപെടുന്നുവെന്നും പാര്‍വ്വതി കുറിച്ചു.

റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ഒരു അഭിമുഖത്തിന് ഇടയില്‍ താരസംഘടന നിര്‍മ്മിക്കുന്ന ട്വന്റി ട്വന്റി മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിനാണ് ഭാവനയെ മരിച്ച് പോയവരുമായി ഇടവേള ബാബു താരതമ്യപ്പെടുത്തിയത്.’അമ്മയ്ക്ക് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വന്റി 20യില്‍ പ്രധാന വേഷത്തില്‍ ഭാവനയുണ്ടായിരുന്നു. ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല, ഇത്ര മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയുകയുള്ളു. കഴിഞ്ഞ ട്വന്റി 20യില്‍ നല്ല റോള്‍ ചെയ്തതാണ്. അതിപ്പോള്‍ മരിച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലല്ലോയെന്നും അതുപോലെയാണ് ഇതെന്നും ഇടവേള ബാബു പറഞ്ഞു. അമ്മയിലുള്ളവരെ വെച്ച് സിനിമയെടുക്കുമെന്നും ഇടവേള ബാബു പറഞ്ഞു.

പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

2018 ല്‍ എന്റെ സുഹൃത്തുക്കള്‍ A.M.M.A-യില്‍ നിന്ന് പിരിഞ്ഞു പോയപ്പോള്‍ ഞാന്‍ സംഘടനയില്‍ തന്നെ തുടര്‍ന്നത് തകര്‍ന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്.പക്ഷെ A.M.M.A ജനറല്‍സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിക്കുന്നു.ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല.

ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങള്‍ ഈ പരാമര്‍ശം ചര്‍ച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതല്‍ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും നിങ്ങള്‍ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.

ഞാന്‍ A.M.M.A യില്‍ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാന്‍ നോക്കി കാണുന്നു.പാര്‍വതി തിരുവോത്ത്

Exit mobile version