ബിഹാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ‘പിഎം നരേന്ദ്ര മോഡി’യുടെ റീ റീലിസ് പെരുമാറ്റ ചട്ട ലംഘനം; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പിഎം നരേന്ദ്ര മോഡി സിനിമ റീ റീലിസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് പരാതി. ചിത്രത്തിന്റെ റീറിലീസ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം കഴിഞ്ഞമാസം 25ന് തന്നെ നിലവില്‍ വന്നതാണ്. അതിനാല്‍ വരുന്ന ഒക്ടോബര്‍ 15ന് പിഎം നരേന്ദ്ര മോഡി വീണ്ടും റീലിസ് ചെയ്യുന്നത് നഗ്‌നമായ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണ്. അതിനാല്‍ എത്രയും പെട്ടെന്ന് പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് സാകേത് ഗോഖലെ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ പറയുന്നത്.


ലോക് ഡൗണിന് ശേഷമുള്ള ആദ്യ തിയേറ്റര്‍ റിലീസ് ആയി ചിത്രം വീണ്ടും തീയറ്ററില്‍ എത്തുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് നേരത്തെ അറിയിച്ചിരുന്നു. 2019 മേയില്‍ എത്തിയ ചിത്രത്തില്‍ മോഡിയായി വേഷമിട്ടത് വിവേക് ഒബ്‌റോയ് ആയിരുന്നു. മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഒമുങ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. വിവേക് ഒബ്‌റോയിയുടെ പിതാവും പ്രശസ്ത നിര്‍മാതാവുമായ സുരേഷ് ഒബ്‌റോയിയും സന്ദീപ് സിങും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version