‘നടനായി പ്രശസ്തനായിട്ടു പോലും തന്റെ ഗ്രാമത്തിലെ ചിലര്‍ക്ക് താന്‍ സ്വീകാര്യനല്ല; നേരിടുന്ന ജാതി വിവേചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രശസ്ത ബോളിവുഡ് നടന്‍

മുംബൈ: താന്‍ നേരിടുന്ന ജാതി വിവേചനം തുറന്ന് പറഞ്ഞ് പ്രശസ്ത ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. നടനായി പ്രശസ്തനായിട്ടുപോലും തന്റെ ഗ്രാമത്തില്‍ ചിലര്‍ക്ക് താന്‍ സ്വീകാര്യനല്ല, കാരണം ജാതിയാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ നേരിടുന്ന ജാതി വിവേചനത്തെ കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞത്.

എന്റെ മുത്തശ്ശി താഴ്ന്ന ജാതിയില്‍പ്പെട്ടതാണ്. ഇപ്പോളും ഗ്രാമത്തിലെ ചിലര്‍ക്ക് ഞങ്ങള്‍ സ്വീകാര്യരല്ല. ജാതി മാത്രമാണ് അതിന് കാരണം.ഞാനെത്ര പ്രശസ്തനാണെന്നതൊന്നും അവര്‍ക്ക് കാര്യമല്ല. ജാതി അവരില്‍ ആഴത്തില്‍ വേരോടിയിരിക്കുന്നു. അതാണ് അവരുടെ അഭിമാനമെന്നവര്‍ കരുതുന്നു.-നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു.

ഷെയ്ഖ് സിദ്ദിഖികള്‍ ഉന്നത ജാതിക്കാരാണ്. അവര്‍ക്ക് താഴ്ന്നവരുമായി യാതൊരു ബന്ധവുമില്ല. ഇപ്പോഴും അങ്ങനെയാണെന്നത് സങ്കടകരമാണ്. ജാതി വിവേചനമില്ലെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍, അവര്‍ രാജ്യമൊട്ടാകെ സഞ്ചരിക്കട്ടെ. യഥാര്‍ത്ഥ വസ്തുത എന്താണെന്ന് അറിയും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹാഥ്‌റസ് സംഭവം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.’തെറ്റ് തെറ്റ് തന്നെയാണ്. നമ്മുടെ സമൂഹം ഹത്രാസില്‍ സംഭവിച്ചതിനെതിരെ സംസാരിക്കുന്നുണ്ട്. സംസാരിക്കുക എന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

Exit mobile version