‘ഈ ലാന്‍ഡ്മാര്‍ക്ക് പ്രൊജക്ടിന്റെ ഭാഗമാകാന്‍ സാധിക്കുന്നതില്‍ അഭിമാനം’; മുത്തയ്യ മുരളീധരനാകാന്‍ ഒരുങ്ങി വിജയ് സേതുപതി

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസ താരം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. വിജയ് സേതുപതിയാണ് മുരളീധരന്റെ വേഷത്തിലെത്തുന്നത്. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. ‘800’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ മുത്തയ്യ മുരളീധരന്‍ 800 വിക്കറ്റ് എന്ന ചരിത്ര നേട്ടം നേടിയതിനെ ആധാരമാക്കിയാണ് ഇത്തരത്തിലൊരു പേര് നല്‍കിയിരിക്കുന്നത്.

‘ഈ ലാന്‍ഡ്മാര്‍ക്ക് പ്രൊജക്ടിന്റെ ഭാഗമാകാന്‍ സാധിക്കുന്നതില്‍ അഭിമാനം’ എന്നാണ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് വിജയ് സേതുപതി കുറിച്ചത്. ശ്രീപതി രംഗസ്വാമി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം വെള്ളിത്തിരയില്‍ വിജയ് സേതുപതി തന്നെ അവതരിപ്പിക്കുന്നു എന്നത് അഭിമാനം പകരുന്നതാണെന്നാണ് മുത്തയ്യ മുരളീധരന്‍ നേരത്തേ പറഞ്ഞത്. ഡാര്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version