‘ഞങ്ങളുടെ ജീവിതം നിങ്ങള്‍ മാറ്റി, എനിക്കൊരു പുതു ജീവിതമാണ് നിങ്ങള്‍ തന്നത്’; നന്ദി അറിയിച്ച് കീര്‍ത്തി സുരേഷ്

പഴയകാല നടി സാവിത്രിയായി ഏവരെയും ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു കീര്‍ത്തി ചിത്രത്തില്‍ കാഴ്ച്ചവെച്ചത്

പ്രിയദര്‍ശന്‍ ചിത്രം ഗീതാജ്ഞലിയിലൂടെ നായികയായി സിനിമാലോകത്തെത്തിയ യുവനടി കീര്‍ത്തി സുരേഷിന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രമായിരുന്നു തെലുങ് ചിത്രം മഹാനടിയിലേത്. പഴയകാല നടി സാവിത്രിയായി ഏവരെയും ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു കീര്‍ത്തി ചിത്രത്തില്‍ കാഴ്ച്ചവെച്ചത്. സാവിത്രിയുടെ ജന്മദിനമായ ഇന്നലെ കീര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് സാവിത്രിയെക്കുറിച്ചുള്ളതായിരുന്നു.


‘എല്ലാ കാലത്തും എന്നും ഓര്‍ക്കപ്പെടുന്ന നായികയ്ക്കുള്ളതാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് കീര്‍ത്തിയുടെ കുറിപ്പ് തുടങ്ങുന്നത്. ഞങ്ങള്‍ക്ക് നല്‍കിയ സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി. മഹാനടി എന്ന ചിത്രം നിങ്ങളെ സന്തുഷ്ടയാക്കിയിരിക്കും എന്ന് കരുതുന്നു. നിങ്ങള്‍ക്ക് ഒരു പുനര്‍ജന്മം നല്‍കാന്‍ വേണ്ടി ഒരുക്കിയ ചിത്രമാണ് മഹാനടി. ചിത്രം നിങ്ങളോട് പൂര്‍ണ്ണമായി നീതി പുലര്‍ത്തിയെന്ന് കരുതുന്നു. ഞങ്ങളുടെ പരമാവധി ഈ സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിട്ടുണ്ട്. ഞങ്ങളുടെ ജീവിതം നിങ്ങള്‍ മാറ്റി, എനിക്കൊരു പുതു ജീവിതം തന്നു, നന്ദി’- കീര്‍ത്തി കുറിച്ചു.

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളികളായിരുന്നു. ചിത്രത്തില്‍ ജെമിനി ഗണേശനായി എത്തിയത് ദുല്‍ഖര്‍ സല്‍മാനാണ്.

Exit mobile version