ലൈസന്‍സ് സ്വന്തമാക്കി ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’; ജീവിതത്തിലെ വലിയൊരു സ്വപ്‌നം കൂടി യാഥാര്‍ത്ഥ്യമായ സന്തോഷത്തില്‍ സൂരജ് തേലക്കാട്

‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എന്ന ചിത്രത്തില്‍ റോബോട്ടായി വന്ന് എല്ലാവരെയും ഞെട്ടിച്ച താരമാണ് സൂരജ് തേലക്കാട്. ഇപ്പോഴിതാ ഭാസ്‌കര പൊതുവാളിന്റെ പ്രിയപ്പെട്ട കുഞ്ഞപ്പന്‍ ലൈസന്‍സ് സ്വന്തമാക്കിയിരിക്കുകയാണ്. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.

‘ഒടുവില്‍ എന്റെ ജീവിതത്തിലെ വലിയൊരു സ്വപ്‌നം കൂടി യാഥാര്‍ത്ഥ്യമായി. എനിക്കെന്റെ ഡ്രൈവിങ് ലൈസന്‍സ് കിട്ടി. പെരിന്തല്‍മണ്ണ ആര്‍ടിഒ ആയ ബിനോയ് സാറിന് നന്ദി. പെരിന്തല്‍മണ്ണയിലെ സഞ്ചാരി ഡ്രൈവിങ് സ്‌കൂളിനും നന്ദി’ എന്നാണ് ഡ്രൈവിങ് ലൈസന്‍സിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സൂരജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

പെരിന്തല്‍മണ്ണ ആര്‍ടി ഓഫീസില്‍ നിന്നാണ് 125 സെന്റീമീറ്റര്‍ ഉയരമുള്ള ഇരുപത്തഞ്ചുകാരനായ സൂരജ് ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയത്. കാറില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഇതിനായി ഒരുക്കിയിരുന്നു. ആര്‍ടിഒ ഓഫീസര്‍ ബിനോയ് വര്‍ഗീസ് ആണ് സൂരജിന് ലൈസന്‍സ് കൈമാറിയത്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സഫലമായ സന്തോഷത്തിലാണ് സൂരജ് ഇപ്പോള്‍.

Exit mobile version