‘ലഹരി ജീവിതത്തെയും സിനിമയെയും അഭിലാഷങ്ങളെയും തകര്‍ക്കും, സിനിമാ ലോകം ഇതില്‍ നിന്ന് അകന്നു നില്‍ക്കണം’; നടന്‍ മാധവന്‍

ലഹരി ജീവിതത്തെയും സിനിമയെയും അഭിലാഷങ്ങളെയും തകര്‍ക്കുമെന്നും സിനിമാ ലോകം ഇതില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും നടന്‍ ആര്‍ മാധവന്‍. ദുബായിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് താരം ഇത്തരത്തില്‍ പറഞ്ഞത്.

അതേ സമയം ബോളിവുഡില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് നേരിട്ട് വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ അതിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഇല്ലെന്നും താരം പറഞ്ഞു. പുതിയ വെബ് സീരീസ് ചിത്രമായ ‘സെവന്‍ത് സെന്‍സി’ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദുബായിയില്‍ എത്തിയതായിരുന്നു താരം. ചിത്രം പൂര്‍ണമായും ദുബായിയിലാണ് ചിത്രീകരിക്കുന്നത്. ഒടിടി സീരീസില്‍ സിനിമയെക്കാളും വിപുലമായ രീതിയിലാകും സിനിമയുടെ ബജറ്റും കഥപറച്ചിലും.

കഥപറയുന്നതിന് ഒടിടിയില്‍ വളരെ സ്വാതന്ത്ര്യം കിട്ടുമെങ്കിലും അത് സാമൂഹിക സന്തുലിതാവസ്ഥയെ തകര്‍ക്കുന്ന രീതിയിലാകുമെന്ന് കരുതുന്നില്ലെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. പൂര്‍ണമായും മൊബൈലില്‍ ചിത്രീകരിച്ച മലയാള ചലച്ചിത്രം സീ യൂ സൂണ്‍ കാണാന്‍ സാധിച്ചില്ലെന്നും എങ്കിലും മികച്ച ആശയമാണിതെന്നും മാധവന്‍ പറഞ്ഞു. കരണ്‍ ദാരാ ആണ് ഇത് സംവിധാനം ചെയ്യുന്നത്.

Exit mobile version