കായംകുളം കൊച്ചുണ്ണി; കുത്തിനിറച്ച കച്ചവട സിനിമയുടെ കണ്‍ക്കെട്ട് കാഴ്ചകള്‍

ചരിത്ര സിനിമയെ അടയാളപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നത് ആ കാലഘട്ടത്തിനെ പുനര്‍നിര്‍മ്മിക്കുന്നതിലാണ്.

നിധിന്‍ നാഥ് 2/5

കായംകുളം കൊച്ചുണ്ണിയെന്ന ചരിത്രകഥാപാത്രത്തിനെ മലയാള സിനിമയിലെ വലിയ ബഡ്ജറ്റില്‍ വലിയ താര നിരയുമായി ഒരുക്കിയ സിനിമ. ഒപ്പം മോഹന്‍ലാലിന്റെ നീണ്ട അതിഥി വേഷം. ഇങ്ങനെ കാത്തിരിക്കാന്‍ നിരവധി കാരണങ്ങളുമായാണ് കായംകുളം കൊച്ചുണ്ണി തീയ്യേറ്ററിലെത്തിയത്. മോഹലാലിന്റെ ഇത്തിക്കരപക്കിയെന്ന അതിഥി വേഷ കഥാപാത്രത്തിനെ ഉപയോഗിച്ച് നടത്തിയ പ്രചരണമെല്ലാം വലിയ രീതിയില്‍ തീയ്യേറ്ററിലേക്ക് ആളെ ആകര്‍ഷിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയുകയും ചെയ്തു. ഇതിന്റെ സൂചനയാണ് മോഹന്‍ ലാല്‍ ഫാന്‍സ് നിവിന്‍ പോളി സിനിമക്ക് ഫാന്‍സ് ഷോ നടത്താന്‍ ഇറങ്ങിയത്. സിനിമ കച്ചവടമെന്ന നിലയില്‍ ഗോകുലം ഗോപാലന്‍ ചിലവഴിച്ച 45 കോടി തിരിച്ച് പിടിക്കാനുള്ള ഗിമിക്കുകളുടെ നിറസാന്നിധ്യമാണ് സിനിമ.

മലയാളിക്ക് സുപരിചിതമായ കൊച്ചുണ്ണിയുടെ കഥയെ സിനിമയിലേക്ക് എത്തിക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനായി കുറെ ഫോര്‍മുലകളെ ഉപയോഗിക്കുകയെന്ന തട്ടിപ്പാണ് റോഷണ്‍ ആന്‍ഡ്രൂസ് സിനിമയിലുട നീളം നടത്തിയിരിക്കുന്നത്. മലയാളത്തിലാധ്യമായി തിരക്കഥ ഒരുക്കുന്നതിന് ഗവേഷണമെല്ലാം നടത്തിയിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇത് ശരിയാണെങ്കില്‍ സത്യസന്ധമായ ഒരു ശ്രമവും സിനിമ സ്‌ക്രീനിലെത്തുമ്പോള്‍ കാണാനില്ല.

കായംകുളം കൊച്ചുണ്ണിയെ തൂക്കി കൊല്ലാന്‍ കൊണ്ട് പോകുന്നതില്‍ നിന്ന് തുടങ്ങി ബാല്യവും കൗമാരവും കള്ളനിലേക്കുള്ള വളര്‍ച്ചയുമെല്ലാമാണ് സിനിമ. ചരിത്ര സിനിമയെ അടയാളപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നത് ആ കാലഘട്ടത്തിനെ പുനര്‍നിര്‍മ്മിക്കുന്നതിലാണ്. ഛായഗ്രഹണമേഖലയില്‍ ഇത് കൃത്യമായി നടപ്പാക്കിയിട്ടുണ്ടെങ്കിലും വസ്ത്രങ്ങളും മേക്കപ്പുമെല്ലാം ഒരു തരത്തിലുള്ള നിലവാരവും പുലര്‍ത്തിയിട്ടില്ല. ഇത്രയും ബഡ്ജറ്റില്‍ ഒരുക്കിയ സിനിമയെന്ന നിലയില്‍ കലാസൃഷ്ടിയോട് ചെയ്യുന്ന നീതിയില്ലായ്മയാണ്. വസ്ത്രങ്ങളിലെ സ്റ്റിച്ചിങില്‍ തുടങ്ങി ലിപ്പ് സ്റ്റിക്കിട്ട നായിക വരെയായാണ് കായംകുളം കൊച്ചുണ്ണിയിലുള്ളത്. എന്ത് കൊണ്ടാണ് ഇങ്ങനെയെന്ന് ചോദിച്ചാല്‍ കഥയില്‍ ചോദ്യമില്ലെന്ന് മാത്രമേ മറുപടിയൊള്ളു.

mohanlal’s new look of ithikara pakki

ഒരു ഐതിഹ്യം പോലെ മലയാളി അറിയുന്ന കൊച്ചുണ്ണിയുടെ ജീവിതം സ്‌ക്രീനില്ലെത്തുമ്പോള്‍ അതിനെ എല്ലാ തരം പ്രേക്ഷകര്‍ക്കും സ്വീകാര്യനാക്കാന്‍ മാസ് സിനിമയാക്കുകയാണ് അഭികാമ്യമെന്ന ധാരണയോടെയാണ് ബോബി സഞ്ജയ് കൂട്ട്‌ക്കെട്ട് തിരക്കഥയൊരുക്കിയിട്ടുള്ളത്. അതേ സമയം മാസ് അപ്പീല്‍ ആവശ്യത്തിന് ചേര്‍ത്ത ചരിത്ര സിനിമയെന്ന തലത്തിലേക്ക് നോക്കിയാല്‍ പോലും കായംകുളം കൊച്ചുണ്ണി ശരാശരിക്ക് മേലെ ഉയരാതെ പോകുന്നത് തിരക്കഥയുടെ ബലഹീനത കൊണ്ടാണ്. ഫാന്‍സിനെ കൈയടിപ്പിക്കാനും ആര്‍ത്ത് വിളിക്കാനും അവസരം നല്‍കുന്ന സംഭാഷണങ്ങളും ചില രംഗങ്ങളുമാണ് സിനിമയുടെ ആകെ തുക.

മോഹന്‍ലാല്‍ എന്ന താരത്തിന്റെ വിപണമൂല്യം ഏറ്റവും കൃത്യമായി ഉപയോഗിച്ച സിനിമ ആ തലത്തില്‍ ഒരു വിജയമാണ്. ഇത്തിക്കരപക്കിയായി മോഹന്‍ എത്തുന്ന ഇന്റര്‍വല്‍ ബ്ലോക്കും മോഹന്‍ലാല്‍ മാനറിസങ്ങളും ആരാധകരെ പൂര്‍ണ്ണമായി തൃപ്തിപ്പെടുത്തുന്നതാണ്. സമീപക്കാല മോഹന്‍ലാല്‍ സിനിമകളില്‍ നിന്ന് ഫാന്‍സിന്റെ പ്രതീക്ഷയെ പോലും തൃപ്തരാക്കെ പോയതിനാല്‍ ഇത്തിക്കരപക്കി കിടലനാണെന്ന് നിസംശയം പറയാം. പക്ഷെ ഫാന്‍സിനപ്പുറമുള്ള സിനിമ പ്രേക്ഷകരുണ്ടെന്ന് കച്ചവടസിനിമകള്‍ ഓര്‍ക്കാറില്ലെന്ന് കായംകുളം കൊച്ചുണ്ണിയും അടിവരയിടുന്നു. 20 മിനിറ്റിനടുത്തുള്ള മോഹന്‍ ലാലിന്റെ മാനറിസ കാഴ്ചകള്‍ കൊണ്ട് 170 മിനിറ്റ് സിനിമയെ മുന്നോട്ട് കൊണ്ട് പോകാനാവില്ലെന്ന തിരിച്ചറിവുണ്ടായിരുന്നെങ്കില്‍ തിരക്കഥയ്ക്ക് കുറച്ച് കൂടി കഴമ്പുണ്ടാക്കാന്‍ റോഷന്‍ ബോബി സഞ്ജ് ടീമിനോട് ആവശ്യപ്പെടുമായിരുന്നുവെന്ന് തോന്നുന്നു.

പ്രതീക്ഷ തകര്‍ച്ച സംഭവിക്കുമ്പോഴും പ്രകടനം കൊച്ച് മികവ് പുലര്‍ത്തുന്ന ചില കഥാപാത്രങ്ങളുമുണ്ട് സിനിമയില്‍. ബാബു ആന്റണിയുടെ തങ്ങള്‍, ഷൈന്‍ ടോം ചാക്കോയുടെ കൊച്ചുപ്പിള്ള, സണ്ണിവെയ്‌ന്റെ കേശവന്‍ എന്നിവരുടെ പ്രകടനം ശ്രദ്ധേയമാണ്. വസ്ത്രങ്ങളിലെ മേക്കിങ് പോരായ്മകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ രണ്ട് നൂറ്റാണ്ട് മുന്‍പുള്ള കാലഘട്ടം നല്ല രീതിയില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. നീരവും ബിനോദ് ഷായും ചേര്‍ന്ന് ഒരുക്കിയിട്ടുള്ള ഛായാഗ്രഹണമാണ് സിനിമ കണ്ട് തീര്‍ക്കാന്‍ വഴിയൊരുക്കുന്നത്. ക്ലൈമാക്‌സ് രംഗങ്ങളിലെ കാഴ്ചകള്‍ മികവ് പുലര്‍ത്തുന്നതാണ്.

ചരിത്ര സിനിമയാണെന്ന് അണിയറക്കാര്‍ പരിചയപ്പെടുത്തുമ്പോഴും തമിഴ് സിനിമ പോലും ഉപേക്ഷിച്ച പ്രണയം, പാട്ട്, അതിനിടയില്‍ ഒരു ഐറ്റം ഡാന്‍ഡ്, വിരഹം, പ്രതികാരം, പൈങ്കിളി, പക്ക, നായകന്റെ ഹീറോയിസം ഈ ചേരുവകളെല്ലാം കൃത്യമായ അളവില്‍ ചേര്‍ത്തതാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി. കാസിനോവയെന്ന ബിഗ് ബഡ്ജറ്റ് ദുരന്തത്തില്‍ നിന്ന് യാതൊരു പാഠവും പഠിച്ചില്ലെന്ന് സംവിധായകന്റെ തുറന്ന് പറച്ചില്‍ സിനിമ മുന്നോട്ട് പോകുമ്പോള്‍ തിയ്യേറ്റില്‍ മുഴങ്ങുന്നുണ്ട്.

നിവിന്‍ പോളിയെന്ന സേഫ് സോണ്‍ നടനില്‍ മാറ്റം കണ്ട് തുടങ്ങിയെന്ന പ്രതീക്ഷ ജനിപ്പിക്കുന്നതായിരുന്നു ഹേ ജൂഡിലെ പ്രകടനം. അതില്‍ നിന്ന് നേരെ ഒരു ഇറക്കമാണ് കായംകുളം കൊച്ചുണ്ണി. സിനിമയുടെ ആദ്യ പകുതിയിലെ പ്രണയ രംഗങ്ങളില്‍ പഴയ തട്ടത്തിന്‍ മറയത്തിലേക്ക് പ്രേക്ഷകനെ കൊണ്ട് പോകുകയാണ് നിവിന്‍. സൂപ്പര്‍ താരമാവാന്‍ പുതിയ കാലത്ത് മാസ് സിനിമകള്‍ വേണ്ടന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയാല്‍ നിവിന്‍ പോളിയിലെ നടന് മികവുണ്ടാവും. ഇല്ലാത്ത പക്ഷം ആസിഫ് അലിക്ക് സംഭവിച്ച പോലെയുള്ള സിനിമകളുടെ നീണ്ട നിരയുണ്ടാവും.

നായകത്വം വര്‍ധിപ്പിക്കാനുള്ള കാഴ്ചകള്‍ക്ക് സഹായിക്കുകയെന്നതല്ലാതെ കാര്യമായൊന്നും ചെയ്യാനില്ല സിനിമയിലെ പ്രിയ ആനന്ദ് തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങള്‍ക്ക്. വിഎഫ്ക്‌സ് രംഗങ്ങള്‍ പ്രധാന ഇടങ്ങളിലെല്ലാം സിനിമ ഉപയോഗിച്ചിട്ടുണ്ട്. ആ കാഴ്ചകള്‍ കണ്ടാല്‍ ഇത്രയും ബഡ്ജറ്റ് എന്തിനാണ് എവിടെയാണ് ചിലവഴിച്ചതെന്ന ചോദ്യം മാത്രമാണ് ബാക്കി നിര്‍ത്തുക.

പോരായ്മകളുടെയും സത്യസന്ധമല്ലാത്ത സിനിമ ഇടപെടലില്‍ ആകെ എടുത്ത് പറയേണ്ട മികവ് ആ കാലഘട്ടത്തിലെ ജാതിയതയെ സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നവെന്നതാണ്. ചരിത്രസിനിമയെ ഒരു കച്ചവട സിനിമയായി അവതരിപ്പിക്കുന്നതിലൂടെ സിനിമയുടെ ക്രാഫ്ടിയെ ഓടിച്ച് വിട്ടത്തിന് ശേഷമാണ് റോഷന്‍ ആന്‍ഡ്രൂസ് സ്‌ക്രീനിലെത്തിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ കാശിറക്കി കാശ് വാരുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേ മുന്നില്‍ കണ്ടിട്ടുള്ളുവെന്നും ഉറപ്പാണ്.

പുലിമുരുകനും അബ്രഹാമിന്റെ സന്തതികളുമെല്ലാം ബോക്‌സ് ഓഫീസ് ഇളക്കി മറിച്ചുവെന്ന് അവകാശപ്പെടുന്ന മലയാള സിനിമയില്‍ ഇത്തിക്കരപക്കിയെ കൂടി ഉപയോഗിച്ച് അതിനായുള്ള ശ്രമങ്ങള്‍ കൃത്യമായി നടപ്പാക്കിയിട്ടുണ്ട് സിനിമ. പണക്കാരില്‍ നിന്ന് കൊള്ളയടിച്ച് പാവങ്ങളെ സഹായിക്കുന്ന കായംകുളം കൊച്ചിയുടെ ചരിത്രം സിനിമയാക്കുമ്പോള്‍ നല്ല സിനിമയുടെ പ്രേക്ഷകരെ കൊള്ളയടിക്കുകയെന്ന കച്ചവട ദൗത്യമാണ് ഗോകുലം ഗോപാലന് വേണ്ടി റോഷനും സംഘവും ചെയ്യുന്നത്.

Exit mobile version