‘ഐ ലവ് ദാറ്റ് തേപ്പുകാരി’ ബാംഗ്ലൂര്‍ ഡേയ്‌സിലെ മീനാക്ഷിയോട് പ്രത്യേക ഇഷ്ടമെന്ന് ഇഷ തല്‍വാര്‍; ആ കഥാപാത്രം ചോദിച്ച് വാങ്ങിയതെന്ന് താരം

മലയാളി പ്രേക്ഷകരില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ്. യുവതാരങ്ങള്‍ അണിനിരന്ന ചിത്രം ബോക്‌സ് ഓഫീസിലും വന്‍ ഹിറ്റായി മാറുകയും ചെയ്തു. ഇപ്പോള്‍ ചിത്രത്തില്‍ മീനാക്ഷി എന്ന കഥാപാത്രത്തെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്ന് നടി ഇഷ തല്‍വാര്‍.

എന്നാല്‍ ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തില്‍ തനിക്കായി ഒരുക്കിവെച്ച കഥാപാത്രം അതായിരുന്നില്ലെന്നും താരം പറയുന്നു. പകരം മീനാക്ഷിയെന്ന കഥാപാത്രത്തെ താന്‍ ചോദിച്ചുവാങ്ങുകയായിരുന്നുവെന്നും ഇഷ പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്.

ഇഷ തല്‍വാറിന്റെ വാക്കുകള്‍ ഇങ്ങനെ;

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മനസ്സിനോട് ഇണങ്ങിയ ഒട്ടേറെ വേഷങ്ങള്‍ ചെയ്തു. വേണ്ട എന്ന് തോന്നിയ സിനിമകളും അതിലുണ്ടായിരുന്നു. ആയിഷയും മീനാക്ഷിയുമാണ് എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍. ബാംഗ്ലൂര്‍ ഡെയ്സില്‍ നിത്യമേനോന്‍ ചെയ്ത വേഷമായിരുന്നു എനിക്ക് ആദ്യം ലഭിച്ചത്. എന്നാല്‍ മീനാക്ഷി എന്ന നെഗറ്റീവ് റോള്‍ ഞാന്‍ ചോദിച്ചു വാങ്ങുകയായിരുന്നു. ‘ഐലവ് ദാറ്റ് തേപ്പുകാരി’. നിവിനുമൊത്ത് അഭിനയിക്കുമ്പോള്‍ അങ്ങനെയൊരു കോമ്പോ അടിപൊളിയായിരിക്കുമെന്ന് തോന്നി.

ആ കഥാപാത്രം വളരെ റിയലാണ്. നമുക്കും ഇടയിലില്ലേ അങ്ങനെയൊരാള്‍. തമിഴിലും തെലുങ്കിലും നിരവധി സിനിമകള്‍ ചെയ്തു. ഇപ്പോള്‍ ഹോളിവുഡ് സീരിസ് ചെയ്യുകയാണ്. സത്യത്തില്‍ എന്നിലെ അഭിനേത്രിയെ എനിക്ക് തന്നെ തിരിച്ചറിയാന്‍ സഹായിച്ചത് സീരിസിലെ അഭിനയമാണ്. അതോടെ ഒരു കാര്യം ഉറപ്പിച്ചു. ഇനി സിനിമയിലും അഭിനയ പ്രാധാന്യമുള്ള റോളുകള്‍ ആയിരിക്കും ചെയ്യുക എന്നത്.

Exit mobile version