നവരസങ്ങളെ ആസ്പദമാക്കി വെബ് സീരീസുമായി മണിരത്‌നം

നവരസങ്ങളെ ആസ്പദമാക്കി വെബ് സീരീസുമായി മണിരത്‌നം എത്തുന്നു. മണിരത്‌നം നിര്‍മ്മിക്കുന്ന വെബ് സീരീസില്‍ സുധ കൊങ്കര, ബിജോയ് നമ്പ്യര്‍, ജയേന്ദ്ര തുടങ്ങിയ പ്രമുഖ സംവിധായകരാണ് ഒന്നിച്ച് എത്തുന്നത്. ഇതിനു പുറമെ സിദ്ധാര്‍ഥ്, അരവിന്ദ സ്വാമി എന്നിവര്‍ ഈ വെബ്‌സീരീസിലൂടെ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

വെബ് സീരീസില്‍ സൂര്യ, വിജയ് സേതുപതി, ജിവി പ്രകാശ് തുടങ്ങിയവര്‍ വേഷമിടുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ കൃതിയെ ആധാരമാക്കി ഒരുക്കുന്ന ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് മണിരത്‌നം. വിക്രം, ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, കാര്‍ത്തി, വിക്രം പ്രഭു, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, ശരത് കുമാര്‍, പ്രഭു, ലാല്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

മണിരത്നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മണിരത്നത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version