താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണ്; നിലപാട് വ്യക്തമാക്കി താരസംഘടനയായ അമ്മ

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് താരസംഘടനയായ അമ്മ. നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ ഇക്കാര്യം ഉടന്‍ അറിയിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

കൊവിഡ് 19 മൂലം സിനിമ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ അമ്മ സംഘടനയുടെ യോഗം കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ചേര്‍ന്നിരുന്നു.

ഈ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ അംഗങ്ങളെ അറിയിക്കാന്‍ അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് പ്രതിഫലം കുറയ്ക്കാന്‍ സംഘടന തയ്യാറാണെന്ന് വ്യക്തമാക്കുന്നത്. അതേസമയം എത്ര ശതമാനം കുറയ്ക്കണമെന്ന നിര്‍ദ്ദേശം കത്തിലില്ല. താരങ്ങളും നിര്‍മ്മാതാക്കളും ഈ കാര്യത്തില്‍ തീരുമാനം സ്വീകരിക്കട്ടെ എന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്.

നിലവിലുള്ള സിനിമകള്‍ പൂര്‍ത്തിയാക്കാതെ പുതിയത് തുടങ്ങുന്ന കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരേണ്ടത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണെന്നും തങ്ങള്‍ക്ക് അതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം അമ്മയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു. പ്രതിഫല വിഷയത്തില്‍ താരസംഘടനയുടെ തീരുമാനം മലയാള സിനിമയുടെ തിരിച്ചുവരവിന് സഹായമാകുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം. രഞ്ജിത്ത് പറഞ്ഞു.

Exit mobile version